വൈപ്പിൻ: ചെറുമത്സ്യത്തിന്റെ പേരിൽ മനപൂർവ്വം ഉദ്യോഗസ്ഥർ ബോട്ടുടമകളെ വേട്ടയാടുന്നുവെന്നാരോപിച്ച് മുനമ്പം മത്സ്യബന്ധന മേഖലയിൽ സമരം ആരംഭിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥർ 'പുണർതം' എന്ന ബോട്ട് കസ്റ്റഡിയിൽ എടുത്ത് കടലിൽ കൂടി വൈപ്പിനിലേക്ക് കൊണ്ടുപോയി.ഇമ്മാനുവൽ എന്ന ബോട്ട് കൂടി കസ്റ്റഡിയിൽ എടുക്കുവാൻ ശ്രമിച്ചതോടെ ബോട്ടുടമകളും തൊഴിലാളികളും പ്രതിഷേധിച്ചു.ഹാർബറിൽ ഹർത്താൽ പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനവും നടത്തി.
മറൈൻ എൻഫോഴ്‌സ്‌മെന്റ ഉദ്യോഗസ്ഥരും ഫിഷറീസ് ഉദ്യോഗസ്ഥരും ബോട്ടുടമകളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുകയാണെന്ന് അവർ ആരോപിച്ചു..മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിളിച്ച ചേർത്ത യോഗത്തിൽ ചെറു മീൻ 40 ശതമാനത്തിൽ കൂടുതലാണെങ്കിൽ മാത്രമേ നിയമ നടപടി സ്വീകരിക്കാവൂവെന്ന് തീരുമാനമുണ്ട്. . ഏത് ഹാർബറിൽ നിന്നാണോ നിയമം തെറ്റിച്ച് മീൻ പിടിച്ച ബോട്ടിനെ പിടികൂടുന്നത് ആ സ്ഥലത്ത് വെച്ചു തന്നെ മഹസർ തയ്യാറാക്കണമെന്നും തീരുമാനമുണ്ട്. ഉദ്യോഗസ്ഥർ ഇത് ലഘിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് സമരത്തിലേക്ക് തിരിഞ്ഞത്. . പ്രതിഷേധയോഗത്തിൽ ബോട്ട് ഓണേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.പി. ഗിരീഷ്,കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ജെ. ടോമി തരകൻസ് അസോസിയേഷൻ സെക്രട്ടറി കെ.ബി.രാജീവ്, സുധാസ് തായാട്ട്, സി.എസ്.ശൂലപാണി, പി.കെ.വിൻസി, സുനിൽകുമാർ എന്നിവർ പങ്കെടുത്തു.