വൈപ്പിൻ: വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാത പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി എസ്.ശർമ്മ എംഎൽഎ അറിയിച്ചു. സംസ്ഥാന ബഡ് ജറ്റിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തി നടപ്പാക്കുന്നതിനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. സാങ്കേതികാനുമതിയും ടെൻഡർ നടപടികളും അതിവേഗം പൂർത്തിയാക്കാൻ ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയെന്ന് എസ്.ശർമ്മ എംഎൽഎ വ്യക്തമാക്കി. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ജല അതോറിറ്റി,കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ തുടങ്ങിയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കും. ഏതെങ്കിലും തരത്തിലുള്ള നിർമ്മാണം നടത്താനുണ്ടെങ്കിൽ റോഡ് നിർമ്മാണത്തിനുമുന്നോടിയായി പൂർത്തിയാക്കുന്നതിന് ഇവർക്ക് നിർദ്ദേശം നൽകും. വീട്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്ഷൻ എടുക്കേണ്ടവരും റോഡുനിർമ്മാണത്തിനുമുമ്പേ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
മാതൃകാ റോഡ്
റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് 10 കോടി രൂപ ചെലവിൽ ആധുനിക സംവിധാനങ്ങളോടെയുള്ള റോഡ് സുരക്ഷാപ്രവൃത്തികളും ആരംഭിക്കും. വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കുന്നതിന് സർക്കാർ കൺസൾട്ടന്റുമാരെ ചുമതലപ്പെടുത്തി. റിപ്പോർട്ട് സമർപ്പിക്കുന്നതിന് രണ്ടുമാസം നൽകി. പ്രധാന കവലകൾ വികസിപ്പിക്കുക, റോഡിനിരുവശവും നടപ്പാതകളും സംരക്ഷണവേലികളും നിർമ്മിക്കുക,സുരക്ഷാ ക്യാമറകളും സിഗ്നലുകളും സ്ഥാപിക്കുക,ദിശാഫലകങ്ങൾ സ്ഥാപിക്കുക തുടങ്ങി അന്താരാഷ്ട്രറോഡ്,സുരക്ഷാമാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവൃത്തികളാണ് ഈ പദ്ധതിയലുൾപ്പെടുന്നത്.
വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയെ മാതൃകാറോഡായി ഉയർത്തുന്നതിനായി എംഎൽഎ മുൻകൈ എടുത്ത് ഇ-യാത്ര പ്രോജക്ട് എന്ന പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായാണ് ലോകബാങ്ക് സഹായത്തോടെയുള്ള റോഡ് സേഫ്റ്റി പ്രോജക്ടിൽ വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാനപാതയെ സർക്കാർ ഉൾപ്പെടുത്തിയത്.പദ്ധതി രേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി കൺസൽട്ടൻസിയുടെ പ്രോജക്ട് എൻജിനീയർമാർ എംഎൽഎയുമായി ചർച്ച നടത്തി. പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം റോഡിന്റെ പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു.
ചെലവ് 20 കോടി
പരമാവധി വീതികൂട്ടും
കവർ സ്ലാബ് സഹിതം കാണ നിർമ്മിക്കും
ഉന്നത നിലവാരത്തിൽ ബി.എംബിസി ടാറിംഗ്
. പൈപ്പ് ലൈൻ,വൈദ്യുതി പോസ്റ്റുകൾ തുടങ്ങിയവ മാറ്റും