കോതമംഗലം: സർവമതസ്തരും ഒത്ത് ചേർന്ന് ആരാധിക്കുന്ന കോതമംഗലം ചെറിയ പള്ളി സംരക്ഷിച്ച് നിലനിർത്താൻ ദേശത്തെ മുഴുവൻ ജനതയും തയ്യാറാകണമെന്ന് മുൻ. എം.പി. ഡോ. സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു. കോതമംഗലം ചെറിയ പള്ളിയങ്കണത്തിൽ നടക്കുന്ന മതമൈതി സംരക്ഷണസമിതിയുടെ അനിശ്ചിതകാല റിലേ സത്യാഗ്രഹസമരത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കര സഭകളുടെ കേസുകൾ സിവിൽ കേസാണ്. സിവിൽ കേസുകൾ പൂർണമായി പഠിച്ചാണ് തീരുമാനങ്ങൾ എടുക്കണ്ടത്. എന്നാൽ മലങ്കര യാക്കാബായ സഭയുടെ കാര്യത്തിൽ ക്രിമിനൽ കേസുകൾ തീർക്കുന്നതിലും വേഗത്തിലാണ് വിധികൾ ഓരോന്നും വരുന്നത്. ആയത് പുനർപരിശോധിക്കണമെന്ന് വക്കീൽ കൂടിയായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
വ്യക്തിഗത ചിന്തയില്ലാതെ എല്ലാ വിഭാഗം ജനങ്ങളും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പൗരാണിക ദേവാലയമാണ് മാർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന കാതമംഗലം ചെറിയപള്ളി. ഈ കബറിടം സംരക്ഷിച്ച് നിർത്തുന്നതിനും നീതിക്കു വേണ്ടി പോരാട്ടം നടത്തുന്ന മലങ്കര യാക്കോബായ വിഭാഗത്തിന് സർവവിധ പിന്തുണ നൽകുന്നതിനും പൊതുസമൂഹം ആകമാനം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഏത് മതത്തിൽപ്പെട്ടവരാണെങ്കിലും അവരുടെ ശവസംസ്‌കാരം, വിവാഹം അടക്കമുള്ള ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത് ആചാരപ്രകാരം അവരുടെ പുരോഹിതരാണ്. ആയത്‌പോലും നിഷേധിക്കുന്നത് ഏത് നീതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചോദിച്ചു. തർക്കത്തിന്റെ പേരിൽ അവകാശങ്ങളും, പാരമ്പര്യവും, ആചാരാനുഷ്ഠാനങ്ങളും ഹനിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണമല്ലാതെ മാർഗ്ഗമില്ലെന്ന് മനസ്സിലാക്കി സത്യാഗ്രഹ സമരം നടത്തുന്ന കോതമംഗലത്തെ മതമൈതി കൂട്ടായ്മയ്ക്ക് സർവ്വവിധ പിന്തുണയും നൽകുന്നതായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. പ്രസ്താവിച്ചു. ഭൂരിപക്ഷവിഭാഗത്തിന്റെയും പൊതുസമൂഹത്തിന്റെയും അവകാശപോരാട്ടങ്ങൾക്ക് എക്കാലവും വലിയ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം, കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോൾ കുമ്പപ്പിള്ളി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മതമൈത്രിസമിതി കൺവീനർ ഏ.ജി. ജോർജ് ആമുഖപ്രസംഗം നടത്തി. ഫാ. ജോസ് പരത്തുവേലിൽ, ടി.യു. കുരുവിള, കെ.പി. ബാബു, ഷിബു തെക്കുംപുറം, പി.സി. ജോർജ്, ബിനോയ് സി. പുല്ലൻ, എബി എബാഹം, ബാബു പോൾ, രാജൻ അറമ്പൻകുടി, പി.റ്റി. ജോണി, റോയി കെ. പോൾ, എം.സി. അയ്യപ്പൻ, എൽദോസ് വർഗീസ്, ബിനോയ് മണ്ണഞ്ചേരി, അഡ്വ. സി.ഐ. ബേബി, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.