തൃക്കാക്കര: കൊച്ചി ഇൻഫോപാർക്കിലെ ഫോർ പോയിന്റ്‌സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ സ്പെഷ്യാലിറ്റി റെസ്റ്റോററ്റായ ആൾ സ്‌പൈസസ് അത്യപൂർവമായ ഒരു കലാവിരുന്നിന്‌ സാക്ഷ്യം വഹിക്കുകയാണ്. "ഭക്ഷണത്തോടൊപ്പം കല" എന്ന ആശയവുമായി പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മേഘ്‌ന ആർ റോബിൻസിന്റെ മനോഹരങ്ങളായ ചിത്രങ്ങളാണ് ആൾ സ്‌പൈസസ് റെസ്റ്ററന്റിൽ ഒരുക്കിയിട്ടുള്ളത്. പ്രകൃതിയുടെ വർണങ്ങൾ ചാലിച്ചെടുത്ത ചിത്ര പ്രദർശനമാണ് ഭക്ഷണപ്രിയർക്കും കലാസ്വാദകർക്കുമായി ഒരുക്കിയിട്ടുള്ളത്. രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂളിലെ മേഘ്‌ന പ്രകൃതിയുടെ ഭാവങ്ങൾ കാൻവാസിലേക്ക് പകർത്തിയ മനോഹരങ്ങളായ ചിത്രങ്ങൾ ആരെയും ആകർഷിക്കുന്നതാണ്.
പുതിയ ആശയം എന്ന രീതിയിലാണ് കലാസ്വാദകർക്കും ഭക്ഷണപ്രിയർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ചിത്ര പ്രദർശനം കൂടി ഉൾപ്പെടുത്തിയത്.

കലയും ഭക്ഷണവും ഒരേ വേദിയിൽ അണിനിരത്തുന്നതിൽ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കലയും ഭക്ഷണവും ഒന്നിച്ചു ആസ്വദിക്കുന്നതിന് ആൾ സ്‌പൈസസ് ഏറ്റവും അനുയോജ്യമാണ്, അദ്ദേഹം പറഞ്ഞു. ഡിസംബർ പതിമ്മൂന്ന് വരെ വൈകിട്ട് അഞ്ച് മുതൽ രാത്രി പതിനൊന്ന് വരെയാണ് പ്രദർശനം.

മേഘ്‌നയുടെ നാല്പത്തിയഞ്ചിലേറെ ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. അക്രലിക്, വാട്ടർ കളർ രചനകളാണ് പ്രദർശനത്തിനുള്ളത്. എൽ.കെ.ജി മുതൽ വരയുടെ കൂട്ടുകാരിയാണ് മേഘ്‌ന. 'അമ്മ അനീഷ, അച്ഛൻ രഘു അനിയത്തി നേഹ എന്നിവർ പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. അഞ്ച് മണിക്കൂറോളം എടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നതെന്ന് മേഘ്‌ന പറയുന്നു. ചില ചിത്രങ്ങൾ ഒരാഴ്ചയോളം എടുത്താണ് പൂർത്തീകരിക്കുന്നത്. ഇതിനു മുൻപ് ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിലും മേഘ്‌നയുടെ ചിത്രപ്രദർശനം നടത്തിയിരുന്നു.