യന്ത്രങ്ങളും, മനുഷ്യ വിഭവ ശേഷിയും ഒരുക്കുക എന്നതാണ് മുഖ്യലക്ഷ്യം

പുതിയ അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്: മൂവാറ്റുപുഴ നഗരസഭ,

പായിപ്ര, വാളകം, മാറാടി, ആയവന പഞ്ചായത്തുകളിൽ

മൂവാറ്റുപുഴ: കാർഷിക മേഖലയ്ക്ക് പുത്തനുണർവേകി സംസ്ഥാന കൃഷി വകുപ്പിൽ നിന്നും മൂവാറ്റുപുഴയ്ക്ക് അനുവദിച്ച ആഗ്രോ സർവീസ് സെന്റർ മൂവാറ്റുപുഴ ഇ.ഇ.സി.മാർക്കറ്റിൽ പ്രവർത്തനമാരംഭിക്കും. കഴിഞ്ഞ ദിവസം എൽദോ എബ്രഹാം എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, ഇ.ഇ.സി.മർക്കറ്റ് അതോറിട്ടി ചെയർമാൻ ജില്ലാ കളക്ടർ എസ്.സുഹാസ്, കമ്മിറ്റി അംഗം കെ.എ.സനീർ, മാർക്കറ്റ് സെക്രട്ടറി നിമ്മി ജോസ്, മാർക്കറ്റ് എ.ഡി.എ ദീപ.ടി.ഒ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇ.ഇ.സി.മാർക്കറ്റിൽ അഗ്രോ സർവീസ് സെന്ററിന് സ്ഥലവും, കെട്ടിടവും വാടകയ്ക്ക് നൽകാൻ തീരുമാനിച്ചതോടെയാണ് മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റിൽ ആഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് സംസ്ഥാന കൃഷി വകുപ്പ് മൂവാറ്റുപുഴയ്ക്ക് അനുവദിച്ച അഗ്രോ സർവീസ് സെന്റർ പാർലമെന്റ് തിരഞ്ഞെടുപ്പ്, എറണാകുളം ഉപതിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ തുടർന്നാണ് ആരംഭിക്കാൻ വൈകിയത്.

നിലവിൽ മൂവാറ്റുപുഴ ബ്ലോക്കിന് കീഴിലുള്ള അഗ്രോ സർവീസ് സെന്റർ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിന് പുറമെയാണ് മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ അഗ്രോസർവീസ് സെന്റർ അനുവദിച്ചിരിക്കുന്നത്. കാർഷിക മേഖലയിൽ കൂടുതൽ ഇടപെടുന്നതിനും, കൃഷിയെ പരിപോക്ഷിപ്പിക്കുന്നതിനും അഗ്രോ സർവീസ് സെന്ററുകൾക്ക് നിർണായക സ്വാധീനം ചെലുത്താൻ കഴിയും. തൊഴിലാളികളുടെയും, കാർഷിക ഉപകരണങ്ങളുടെയും, ലഭ്യതകുറവ് മൂലം പല കർഷകരും കാർഷിക മേഖലയിൽ നിന്നും പിന്നോക്കം പോകുകയാണ്. ഇതേ തുടർന്ന് നിയോജക മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും കൃഷിയിറക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ തരിശായി കിടക്കുകയാണ്. അഗ്രോ സർവീസ് സെന്റർ പ്രവർത്തനമാരംഭിക്കുന്നതോടെ ഇവിടങ്ങളിലെല്ലാം കൃത്യമായ ഇടപെടൽ നടത്താൻ കഴിയും.

കാർഷിക ഉപകരണങ്ങൾ റെഡി

ആഗ്രോ സർവീസ് സെന്ററിന് ആവശ്യമായ കാർഷിക ഉപകരണങ്ങളായ ട്രാക്ടർ, ടില്ലർ, ഗാർഡൻ ടില്ലർ, കൊയ്ത്ത് യന്ത്രം, വൈക്കോൽ കെട്ടുന്നതിനുള്ള മെഷീൻ, വിവിധയിനം കട്ടറുകൾ അടക്കം വാങ്ങിയിരുന്നു. ഇവയെല്ലാം ബ്ലോക്ക് പഞ്ചായത്തിന് സമീപത്തുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. ആഗ്രോ സർവീസ് സെന്ററിന്റെ നടത്തിപ്പിനായി ഒരു ഫെസിലേറ്ററേയും, 20 ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.

പൂർണസേവനങ്ങൾ

ട്രാക്ടർ, ടില്ലർ, കാടുവെട്ടുന്ന യന്ത്രം, തെങ്ങ് കയറ്റത്തിന് ഉപയോഗിക്കുന്ന യന്ത്രമടക്കമുള്ളവ അഗ്രോ സർവീസ് സെന്ററിൽ നിന്നും കർഷകർക്ക് ലഭ്യമാകും. ഇതിന് പുറമെ കൃഷി ജോലി ചെയ്യുന്നതിനായി പ്രത്യേക പരിശീലനം നൽകിയ ടെക്‌നിഷ്യൻ മാരുടെയും സേവനം ലഭിക്കും.

അഗ്രോ സർവീസ് സെന്റർ വഴി ലഭ്യാമാകുന്നവ

കർഷകരുടെ കൃഷി സ്ഥലം കണ്ടെത്തി നിലമൊരുക്കൽ, ആവശ്യമായ നടീൽ വസ്തുക്കൾ, ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ എന്നിവ കർഷകർക്ക് അഗ്രോ സർവീസ് സെന്റർ വഴി ലഭ്യാമാക്കും. പൂർണ്ണമായും യന്ത്ര വത്ക്കരണത്തിലൂടെ ലാഭകരമായ കൃഷി സാധ്യമാക്കുന്നതിനും,തെങ്ങ് കയറ്റം അടയ്ക്കമുള്ള വർക്കുകൾ ഏറ്റെടുക്കുക വഴി തെങ്ങ് കൃഷിയോട് കർഷകർക്ക് ആഭിമുഖ്യമുണ്ടാക്കുക, തരിശ് ഭൂമികളിൽ പാട്ടത്തിന് കൃഷി ഇറക്കുക, ഹൈടെക് കൃഷി രീതികൾ, മഴമറകൾ, ട്രിപ്പ്, ഫെർട്ടി ഗോഷൻ എന്നിവ നടപ്പിലാക്കും.