കൊച്ചി: മറൈൻഡ്രൈവിലെ മുള ഫെസ്റ്റിന് തിരക്കേറുന്നു. തവി, പുട്ടുകുറ്റി, വീട്ടുപകരണങ്ങൾ, ഫ്രൂട്ട് ട്രേ, ഫർണിച്ചറുകൾ, ആമാടപ്പെട്ടി, ശില്പങ്ങൾ, പഴ്സ്, ബാഗ്, ആഭരണങ്ങൾ, മുളയുടെ വേരിൽ കൊത്തിയെടുത്ത ആൾരൂപം തുടങ്ങി ഓരോ സ്റ്റാളും മുളയുടെ മായാപ്രപഞ്ചത്തിലേക്ക് കാഴ്ചക്കാരെ നയിക്കും.

ആഫ്രിക്കൻ പായൽ കൊണ്ടു നിർമ്മിച്ച കുട്ടകൾ, കോറ പുല്ല് കൊണ്ട് നിർമ്മിച്ച ചവിട്ടി, ഔഷധക്കൂട്ടുകൾ എന്നിവയ്ക്ക് ഏറെ ആവശ്യക്കാരുണ്ട്. വാഴച്ചാൽ വനം ഡിവിഷന്റെ രണ്ടു സ്റ്റാളുകളിൽ നിന്ന് ആദിവാസികളുടെ ഉത്പന്നങ്ങൾ വാങ്ങാം.കാട്ടു തേനിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.ഇതോടൊപ്പം നാഗാലാന്റ്, തമിഴ്‌നാട്, മണിപ്പുർ, മദ്ധ്യപ്രദേശ്, ത്രിപുര, ആസ്സാം, സിക്കിം, മിസ്സോറാം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 170 ഓളം സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. ഇതര സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 60 തൊഴിലാളികൾ മേളയിൽ സജീവമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുള മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സാന്നിദ്ധ്യമാണ് മറ്റൊരു സവിശേഷത. സന്ദർശകർക്ക് സംസ്ഥാന ബാംബൂ മിഷൻ പരിശീലകർ രൂപകൽപന ചെയ്ത വിവിധ മുള കരകൗശല ഉല്പ്നങ്ങൾ കാണുന്നതിനുള്ള പ്രത്യേക ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്.മുള വിഭവങ്ങൾ കൊണ്ടുള്ള നിരവധി ഭക്ഷ്യ സ്റ്റാളുകളും മേളയിലുണ്ട്.

മുള രുചിയും

മുള കൊണ്ടുള്ള രുചികരമായ ഭക്ഷണപദാർത്ഥങ്ങളാണ് മറ്റൊരു സവിശേഷത. മുളയരി പായസം, ഉണ്ണിയപ്പം, കഞ്ഞി, അച്ചാർ, ചപ്പാത്തി, കട്ലറ്റ് , ലഡു,ഹൽവ, എന്നിവയ്ക്ക് പുറമെ ഓട്സും കാന്താരിയും കറിവേപ്പിലയും കൊണ്ടുള്ള ബിസ്ക്കറ്റ് എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങൾ ആസ്വദിക്കാം.

പ്രദർശനസമയം രാവിലെ 11മുതൽ രാത്രി 9 വരെ

10 ന് സമാപിക്കും

കേരളത്തിൽ നിന്ന് ഇരുന്നൂറോളം കരകൗശല തൊഴിലാളികൾ

പതിനഞ്ചോളം സ്ഥാപനങ്ങൾ