മുവാറ്റുപുഴ: നഗരസഭയിൽ വയോമിത്രം പദ്ധതിയുടെ മൂന്നാം വാർഷികം 10ന് ( ചൊവ്വ) ഉച്ചക്ക് 12 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എം.പി.മുഖ്യാതിഥിയാകും. വൃദ്ധ ദമ്പതികളെ മുൻ എം.എൽ.എ ഗോപി കോട്ടമുറിയ്ക്കൽ ആദരിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ സ്വാഗതം പറയും. 2019-20ലെ പദ്ധതി പ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.എ.സഹീർ നിർവഹിക്കും. അവാർഡ് ദാനം വൈസ്‌ചെയർമാൻ പി.കെ.ബാബുരാജും സമ്മാനദാനം ഉമാമത്ത് സലീമും, പദ്ധതി അംഗീകാര സമർപ്പണം സി.എം.സീതി നടത്തും. ഉപസമതി അദ്ധ്യക്ഷമാരായ രാജി ദിലീപ്, പ്രമീള ഗിരീഷ്‌കുമാർ, നഗരസഭ കൗൺസിലർമാർ, വിവിധ സാമൂഹ്യ,സാസംക്കാരിക നേതാക്കൾ എന്നിവർ പങ്കെടുക്കും,
നഗരസഭ പരിധിയിലെ 65 വയസ് കഴിഞ്ഞവർക്ക് 2017മുതൽ 20 കേന്ദ്രങ്ങളിൽ വച്ച് എല്ലാമസവും 1200 പേർക്ക് സൗജന്യ ചികിത്സയും മരുന്നും നൽകുന്നതാണ് വയോമിത്രം പദ്ധതി. 3 വർഷം കൊണ്ട് 1407 ക്യാമ്പും അര ലക്ഷത്തോളം പേർക്ക് ചികിത്സയും മരുന്നും നൽകുന്ന നഗരസഭയിലെ മാതൃകാ പദ്ധതിയാണിത്. 90 ലക്ഷം രൂപ മുടക്കി 65 വയസ് കഴിഞ്ഞവർക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലയിൽതന്നെ മാതൃകാപരമായി മുന്നേറുകയാണ്. നിത്യ രോഗത്താൽ ചികിത്സയും മരുന്നും കിട്ടാത്തവർക്കായി വീടുകളുടെ അടുത്ത് ചികിത്സ നൽകുന്ന ഈ പദ്ധതിക്ക് സർക്കാർ എല്ലാ സഹായവും നൽകിവരുന്നു. വർഷം 20 ലക്ഷം രൂപ സംസ്ഥാന ഗവൺമെന്റും 10 ലക്ഷം വീതം നഗരസഭയും നൽകി. കേരള സാമൂഹ്യ സുരക്ഷാ മിഷനും നഗരസഭയും ചേർന്നാണ് പദ്ധതി നടത്തുന്നതെന്ന് ഉഷാ ശശിധരനും, എം.എ.സഹീറും അറിയിച്ചു.