പറവൂർ : വെടിമറയി​ൽ മുബാറക്കിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള തോട്ടിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം കത്തി രണ്ടാം പ്രതി അഹമ്മദാണ് സൂക്ഷിച്ചത്. രക്ഷപ്പെട്ട് മുപ്പത്തടത്തേയ്ക്ക് പോകുന്നതിനിടെ തോട്ടിലേയ്ക്ക് വലിച്ചറിഞ്ഞതായി മൊഴി നൽകിയി​രുന്നു. ചോദ്യം ചെയ്യുന്നതിനു തെളിവെടുപ്പിനും പത്താം തീയതി വരെ മാഞ്ഞാലി തെക്കേത്താഴം തോപ്പിൽ റംഷാദ് (24), മാവിൻചുവട് കണ്ടാരത്ത് അഹമ്മദ് (35), ചെറുപറമ്പിൽ സാലിഹ് (21), തോട്ടുങ്കൽ ഫറൂഖ് (35) കളത്തിപ്പറമ്പിൽ സജീർ (32) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. അഹമ്മദിനെ മാത്രമാണ് കത്തി കണ്ടെടുക്കാൻ കൊണ്ടുപോയത്. ഇന്ന് സംഭവം നടന്ന സ്ഥലത്ത് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കേസിലെ ഒമ്പതാം പ്രതി മുപ്പത്തടം എരമം കാട്ടിപ്പറമ്പിൽ അബ്ദുൽ മജീദി​നെ (34)കസ്റ്രഡിയിൽ വാങ്ങിയി​ട്ടില്ല. പ്രതികളെ സഹായിച്ചതിന് അറസ്റ്റിലായ ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിട്ടില്ല. കേസിലെ പ്രധാന പ്രതികളായ റിയാസ്, റൊണാൽഡോ, ജബ്ബാർ എന്നി​വരേയും പിടികൂടിയി​ട്ടില്ല. അബ്ദുൾ മജീദ് തരപ്പെടുത്തി കൊടുത്ത സുഹൃത്തിന്റെ കാറുമായാണ് റിയാസ് രക്ഷപ്പെട്ടത്.