ഫോർട്ടുകൊച്ചി: ഒരു മാസം നീണ്ട് നിൽക്കുന്ന കൊച്ചിൻ കാർണിവലിന് ഇന്ന് തുടക്കം കുറിക്കും. രാവിലെ 9 ന് സെന്റ്. ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു കൊണ്ടാണ് തുടക്കം.ചടങ്ങിൽ കമാണ്ടിംഗ് ഓഫീസർ സുനിൽ കുമാർ റോയ്, മേയർ സൗമിനി ജെയിൻ, സബ് കളക്ടർ സ്റ്റേഹിൽകുമാർ, കമ്മറ്റി ഭാരവാഹി എൻ.എസ്.ഷാജി തുടങ്ങിയവർ സംബന്ധിക്കും.14 ന്‌ വൈകിട്ട് 5ന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നും കൊടിമര ജാഥ ആരംഭിക്കും. 15 ന് രാവിലെ 9 ന് വാസ്കോഡ ഗാമ സ്ക്വയറിൽ കെ.ജെ. മാക്സി എം.എൽ.എ പതാക ഉയർത്തും. ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ മുഖ്യാതിഥിയായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ മെഗാഷോ, ഗാനമേേള, നാടൻപാട്ട്,പാശ്ചാത്യ സംഗീതം, ഫാഷൻ ഷോ, നാടകം, ചവിട്ടുനാടകം, ബൈക്ക് റേസ് എന്നിവ നടക്കും. ഫോർട്ടുകൊച്ചി വെളിമുതൽ ബീച്ച് വരെയുള്ള റോഡിന് ഇരുവശവും നക്ഷത്ര ദീപങ്ങൾ മിഴി തുറക്കും. 31ന് രാത്രി 12 ന്പരേഡ് മൈതാനിയിൽ പതിനായിരങ്ങളെ സാക്ഷിനിർത്തി കൂറ്ററൻ പപ്പാഞ്ഞി അഗ്നിക്കിരയാക്കും. ആയിരക്കണക്കിന് വിദേശികളും പരിപാടിയിൽ പങ്കാളികളാകും.ജനുവരി 1 ന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നും കാർണിവൽ റാലി ആരംഭിക്കും. രാത്രി വാസ്കോഡ ഗാമ സ്ക്വയറിൽ റാലി സമാപിക്കും. തുടർന്ന് സമ്മാനദാനം. സിനിമാ താരങ്ങൾ ഉൾപ്പടെ പരിപാടിയിൽ പങ്കാളികളാകും.