കൊച്ചി: ഐ.പി.എൽ മാതൃകയിൽ ഇന്ത്യയിൽ ചെസ് ചാമ്പ്യൻഷിപ്പ് ആരംഭിക്കണമെന്ന് മുൻ ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്റ്റും ഫിഡെ വൈസ് പ്രസിഡന്റുമായ ബ്രിട്ടീഷ് ഗ്രാന്റ് മാസ്റ്റർ നൈജിൽ ഷോർട്ട്.
ചെസ് പിറന്ന നാട്ടിൽ ഈ ലോകോത്തര കളിക്ക് ചെസ് ഫെഡറേഷൻ വേണ്ടത്ര പിന്തുണകൊടുക്കുന്നില്ലെന്ന് നൈജിൽ അഭിപ്രായപ്പെട്ടു.
54കാരനായ നൈജിൽ ബംഗ്ലാദേശിൽ യുവ ചെസ് താരങ്ങൾക്കായി പ്രത്യേക പരിശീലനപരിപാടിക്ക് നേതൃത്വം നൽകിയശേഷമാണ് ഇന്ത്യയിലെത്തിയത്.
# ചെസ് ലീഗ് വന്നാൽ കളിയിൽ പ്രതിഭകളേറും
ഐ.പി.എൽ. മാതൃകയിൽ ചെസ് ലീഗ് നടത്താൻ ഓൾ ഇന്ത്യ ചെസ് ഫെഡറേഷന് പ്രൊപ്പോസൽ നൽകിയിരുന്നു. എന്നാൽ നടപ്പാക്കാൻ അവർക്ക് താൽപര്യമില്ല. ലീഗ് വന്നാൽ യുവതാരങ്ങളുൾപ്പെടെ അന്തർദേശീയ മത്സരങ്ങളിൽ പെട്ടെന്ന് ശ്രദ്ധ നേടാൻ സാധിക്കും.ലോകോത്തര കളിക്കാർക്കൊപ്പം വലിയ അവസരങ്ങൾ കളിക്കാർക്ക് ലഭിക്കും.
# 2030 ഓടെ ഇന്ത്യ ചെസിൽ അഗ്രഗണ്യരാകും
കഴിവുകൾ ഏറെയുള്ള യുവ കളിക്കാർ ഇന്ത്യയിലുണ്ട്. 2030 ഓടെ ചെസിൽ ഇന്ത്യക്ക് ലോകഭൂപടത്തിൽ പ്രഥമ സ്ഥാനം വരും. എ.ഐ.സി.എഫ് അംഗീകാരമില്ലാത്ത മത്സരങ്ങളിൽ പങ്കെടുക്കുന്നവരെ വിലക്കുന്ന പ്രവണത ഫെഡറേഷൻ നിറുത്തണം.