wahab
വഹാബ് കരിഞ്ചന്തയിൽ വാങ്ങിയ ട്രെയിൻ ടിക്കറ്റുകളുമായി

ആലുവ: ഇതര സംസ്ഥാനക്കാരെ കൂലിക്ക് നിയോഗിച്ച് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വ്യാപകമായി ട്രെയിൻ ടിക്കറ്റുകൾ വാങ്ങി മറിച്ചുവിൽപ്പന നടത്തുന്ന ട്രാവൽ ഏജൻസി ഉടമയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജാസ്മിൻ ടൂർസ് ആന്റ് ട്രാവത്സ് ഉടമ വെസ്റ്റ് ചാലക്കുടി പാളയംകോട്ടുകാരൻ വഹാബ് ഷംസുദ്ദീനാണ് (42) അറസ്റ്റിലായത്. ഓഫീസിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ 56,000 രൂപയുടെ 30ലേറെ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഭൂരിഭാഗവും അസാം, കൊൽക്കത്ത ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ ടിക്കറ്റുകളാണ്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ഇയാൾ ടിക്കറ്റുകൾ വാങ്ങിയിരുന്നത്. പിന്നീട് ഇരട്ടി തുകക്ക് ഇതര സംസ്ഥാനക്കാർക്ക് തന്നെ മറിച്ചു നൽകും.

റെയിൽവേയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഇതരസംസ്ഥാനക്കാരുടെ ടിക്കറ്റുകൾ ആർ.പി.എഫ് സൂക്ഷ്മമായി പരിശോധിച്ചാണ് കരിഞ്ചന്ത വിൽപ്പന കേന്ദ്രം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിംഗ് സെക്ഷനുകളിൽ ജോലി ചെയ്യുന്ന ചിലരുടെ സഹായത്തോടെയാണ് ഇയാൾ ടിക്കറ്റുകൾ വാങ്ങിയിരുന്നതെന്നാണ് സൂചന. ഇതേതുടർന്ന് ചില റെയിൽവേ ജീവനക്കാരും ആർ.പി.എഫിന്റെ നിരീക്ഷണത്തിലുണ്ട്. പ്രതിയെ ഇന്നലെ രാത്രി എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി.