കൊച്ചി:രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയല്ലെന്നും അംബാനി - അദാനി സർക്കാരാണെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി പറഞ്ഞു.മോദി രാജ്യത്തെ വിൽക്കുന്ന 'മഹാരാജാവാണ്'. ബി.പി.സി.എൽ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എറണാകുളം അമ്പലമുഗളിൽ കോൺഗ്രസ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ സുഹൃത്തുക്കൾ യജമാനൻമാരാണ്. യജമാനൻമാരില്ലെങ്കിൽ മോദിയില്ല. ചെറിയ ബലൂൺ മാത്രമാണ് മോദി.ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് യജമാനൻമാർക്കു വേണ്ടി മാത്രമാണ്. അതിനാൽ അവർക്കു വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയാണ്. അല്ലെങ്കിൽ എലിയെ പോലെ എടുത്തു കളയുമെന്ന് മോദിക്കറിയാം.
രാജ്യത്തെ ബ്രിട്ടീഷുകാർക്ക് മുന്നിൽ അടിയറവ് വച്ചത് ഉള്ളിലുള്ളവർ തന്നെയായിരുന്നു. അവരെ രാജാക്കൻമാർ എന്ന് നമ്മൾ വിശേഷിപ്പിച്ചു. ഇപ്പോൾ രാജ്യത്തെ വിൽക്കുന്നത് മോദിയെന്ന മഹാരാജാവാണ്. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കലും മണ്ടൻ തീരുമാനമാണെന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങി. യഥാർത്ഥത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്നത് സ്വകാര്യവത്‌ക്കരണമല്ല. ബോധപൂർവ്വമായ നീക്കമാണ്. അത് ഒരിടത്ത് മാത്രം ഒതുങ്ങില്ല.ബി.പി.സി.എല്ലിനെ സ്വകാര്യവത്‌ക്കരിക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കും.ഉൗർജ്ജ സ്രോതസ് ഇല്ലാതാക്കുന്നതോടെ സേനകൾക്ക് എങ്ങനെ വിദേശ രാജ്യങ്ങളോട് പിടിച്ചു നിൽക്കാനാവും.കോടികളുടെ ലാഭമുള്ള കമ്പനിയെ നിസാര തുകയ്‌ക്ക് വിൽക്കുന്നത് തടയാൻ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി യൂണിയൻ നേതാക്കൾ വേദിയിൽ വച്ച് രാഹുലിനോട് കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ധരിപ്പിച്ചു.
യോഗത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ബെന്നി ബഹ്‌നാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, ടി.ജെ.വിനോദ്, മുൻ മന്ത്രിമാരായ ടി.എച്ച് മുസ്തഫ, കെ.ബാബു, എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ, സെക്രട്ടറി പി.സി.വിഷ്‌ണുനാഥ് തുടങ്ങിയവർ സംസാരിച്ചു.