കൊച്ചി: സിനിമയിൽ അഭിനയിക്കുന്നതിന് നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് വിലക്ക് നേരിട്ട നടൻ ഷെയിൻ നിഗം താരസംഘടന 'അമ്മ'യുമായി അനൗദ്യോഗികമായ ചർച്ച നടത്തി. ഇന്നലെ വൈകിട്ട് 7ന് തുടങ്ങിയ ചർച്ച മൂന്ന് മണിക്കൂറിലേറെ നീണ്ടു. നടൻ സിദ്ദിഖിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഷെയിൻ നിഗത്തിന് പറയാനുള്ളത് കേൾക്കുകയും നിർമ്മാതാക്കളുമായി ചർച്ച നടത്തുകയാണെങ്കിൽ മുന്നോട്ട് വയ്ക്കേണ്ട നിബന്ധനകൾ തീരുമാനിക്കുകയുമാണ് ചർച്ചയിൽ ചെയ്തത്. ഇന്ന് രാവിലെ താരത്തിന് ചെന്നൈയിലേക്ക് പോകാനുള്ളതിനാലാണ് ഇന്നലെ രാത്രി തന്നെ ചർച്ച നടത്തിയത്.
തിങ്കളാഴ്ച ഫെഫ്ക ഭാരവാഹി ബി.ഉണ്ണികൃഷ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിർമ്മാതാക്കളുമായി ചർച്ച നടത്താനാണ് 'അമ്മ'യുടെ തീരുമാനം.
വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ നിർമ്മാതാക്കൾ ഉപേക്ഷിക്കുകയും ഷെയിനിനെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്യുകയാണെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചത് നവംബർ 28നാണ്. തൊട്ടടുത്ത ദിവസം ഉത്തരേന്ത്യയിലേക്ക് പോയ ഷെയിൻ വെള്ളിയാഴ്ചയാണ് തിരികെ എത്തിയത്. ഇതിനിടെ ഷെയിനിന്റെ അമ്മ താരസംഘടനയ്ക്ക് പരാതി നൽകിയിരുന്നു.
'ഷെയിനിന്റെ ഭാഗം കേൾക്കുകയാണ് ചെയ്തത്. ഫെഫ്കയുടെ അഭിപ്രായമറിഞ്ഞ ശേഷം നിർമ്മാതാക്കളുമായി ചർച്ച നടത്താനുള്ള ദിവസം നിശ്ചയിക്കും'
ഇടവേള ബാബു
ജനറൽ സെക്രട്ടറി
അമ്മ