കൊച്ചി : വിവാദങ്ങളിലും കേസുകളിലും കുടുങ്ങിയ പാലാരിവട്ടം ഫ്ളൈ ഓവർ നോക്കുകുത്തിയായി തുടരും. ഫ്ളൈഓവറിന്റെ ഭാരശേഷി പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പൊതുമരാമത്ത് വകുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടില്ല. ഫ്ളൈ ഓവർ വഴിമുടക്കിയായി ഇനിയും മാസങ്ങളോടും തുടരുമെന്നാണ് സൂചനകൾ.

ഭാരശേഷി പരിശോധന മൂന്നു മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ടും വിശദീകരണ പത്രികയും സമർപ്പിക്കാനായിരുന്നു ഹെെക്കോടതി ഉത്തരവ്. ബന്ധപ്പെട്ട എല്ലാവർക്കും നോട്ടിസ് നൽകിയശേഷം യോഗ്യതയുള്ള ഏജൻസിയെ കണ്ടെത്തണം. അവരുമായി കരാർ ഒപ്പിടണം. തുടർന്നു വേണം പരിശോധന. നോട്ടീസ് നൽകാനുള്ള നടപടി പോലും പൊതുമരാമത്ത് ആരംഭിച്ചിട്ടില്ല.

മെട്രോമാൻ ഇ. ശ്രീധരനും വിദഗ്ദ്ധ സമിതിയും സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം ബലക്ഷയം പരിഹരിക്കാൻ പണികൾ നടത്തി പാലം വീണ്ടും തുറന്നുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഉൗരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകാനും തീരുമാനിച്ചു.

കരാറുകാരുടെ സംഘടന ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഭാരശേഷി പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. പരിശോധന നടത്താതെ പാലം ബലപ്പെടുത്തൽ ജോലികൾ ആരംഭിക്കാൻ കഴിയില്ല.

# പണികളിൽ തീരുമാനമായിട്ടില്ല

103 ഗർഡറുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതുൾപ്പെടെ പണികൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനം ഇപ്പോൾ പറയാനാകില്ല. ആർ.ബി.ഡി.സി.കെ യുടെ നേതൃത്വത്തിൽ ഗർഡറുകളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഫ്ളൈ ഓവർ അടുത്തവർഷം പൂർത്തിയാക്കുന്ന കാര്യം ഉറപ്പു പറയാനാകില്ല. കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി കാര്യങ്ങൾ ചെയ്യും. പാലം പണിയിലെ വീഴ്ചകൾ മറയ്ക്കാൻ കരാറുകാർ നടത്തിയ ശ്രമമാണ് പണി നീട്ടിക്കൊണ്ടുപോകുന്നത്.

ഡാർലിൻ കാർമലിറ്റ ഡിക്രൂസ്

ചീഫ് എൻജിനീയർ

പി.ഡബ്ളിയു.ഡി

# നടപടികൾ ആരംഭിച്ചിട്ടില്ല

ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരം 100 ടൺ വരെ ഭാരം കയറ്റി നടത്തുന്നതാണ് ഭാരശേഷി പരിശോധന. ഒരു ചതുരശ്ര മീറ്ററിൽ എത്ര ടൺ ഭാരം വഹിക്കാനുള്ള കഴിവുണ്ടെന്നു പരിശോധിക്കും. വിവിധ ഭാഗങ്ങളിൽ അതേ ഭാരത്തിൽ മണൽച്ചാക്കുകളോ കോൺക്രീറ്റ് കട്ടകളോ മെറ്റലോ വയ്ക്കും. ആറ് ഗർഡർ ചേരുന്ന ഒാരോ സ്പാനിലും ഭാരം കയറ്റി പരിശോധിക്കും. ഇത്തരം 17 സ്പാനുകളുണ്ട്. കുറഞ്ഞ അളവിൽ ഭാരം വച്ച് ഘട്ടം ഘട്ടമായി വർദ്ധിപ്പിക്കും. ഇതുമൂലം പാലത്തിനുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കും. പാലത്തിന്റെ ഏറ്റവും ദുർബലമായ ഭാഗത്തായിരിക്കും കൂടുതൽ പരിശോധന. ഗർഡറിനുണ്ടാകുന്ന വ്യതിയാനത്തോത് കണക്കാക്കിയാണ് ഫലം. 24 മണിക്കൂർ വേണ്ടിവരും ഒരു പരിശോധനയ്ക്ക്.

എം. അശോക് കുമാർ

ചീഫ് എൻജിനീയർ

പി.ഡബ്ളിയു.ഡി (ദേശീയപാത)

# ചെറിയ വാഹനം കടത്തി വിടണം

ഇരുചക്ര, മുച്ചക്ര വാഹനങ്ങളും കാറുകളും പാലത്തിൽ കൂടി കടത്തിവിട്ട് പാലാരിവട്ടത്തെ രൂക്ഷമായ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം. ഭാരശേഷി പരിശോധനയ്ക്ക് അമാന്തം പാടില്ല.

പി.ടി. തോമസ് എം.എൽ.എ.