കൊച്ചി: വേമ്പനാട് കായലിനെകുറിച്ച് വിശദവും ശാസ്ത്രീയവുമായി പഠിക്കാൻ നാട്ടുകാരുടെ പങ്കാളിത്തം കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) വിനിയോഗിക്കും.
തീരങ്ങളിൽ താമസിക്കുന്നവർ, മത്സ്യത്തൊഴിലാളികൾ, ടൂറിസ്റ്റ് ബോട്ട് തൊഴിലാളികൾ, കായലിലെ സ്ഥിരം യാത്രക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കാണ് അർഹത.
രോഗകാരികളായ വിബ്രിയോ ബാക്ടീരിയകളടക്കമുള്ള സൂക്ഷ്മജീവികളുടെയും വെള്ളത്തിലെ മറ്റ് ഘടകങ്ങളുടെയും സാന്നിധ്യം കായലിൽ എവിടെയൊക്കെയാണെന്ന് റിമോട്ട് സെൻസിംഗ് വിദ്യ ഉപയോഗിച്ച് കണ്ടെത്തുന്നതാണ് പഠനം. കായലിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 'സെക്കി ഡിസ്‌കു'കൾ ഉപയോഗിച്ച് വെള്ളത്തിന്റെ നിറവ്യത്യാസങ്ങളെടുക്കുകയും ഈ വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ ഗവേഷകർക്ക് കൈമാറുകയുമാണ് പഠനത്തിൽ പങ്കാളികളാകുന്നവർ ചെയ്യേണ്ടത്. ഈ മാസം 20ന് പരിശീലനം നൽകും. താല്പര്യമുള്ളവർ 15 ന് മുമ്പ് ബന്ധപ്പെടുക.
ഫോൺ: 9895125529, 6235369399.
ഇ മെയിൽ : science.cmfri@gmail.com