കൊച്ചി: സവാളയ്ക്കും ഉള്ളിയ്ക്കും മാത്രമല്ല, ഹോട്ടൽ വിഭവങ്ങളൊരുക്കാൻ വേണ്ട എല്ലാ വസ്തുക്കൾക്കും വില കുതിച്ചുകയറിയതോടെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹോട്ടലുടമകൾ.
സവാളയ്ക്ക് വില കൂടിയതോടെ മെനുവിൽ വലിയ അഴിച്ചുപണിയാണ് ഹോട്ടലുകളിൽ. ഒനിയൻ ഊത്തപ്പം വേണ്ടെന്ന് വച്ചു. നോൺ വെജിറ്റേറിയൻ റസ്റ്റോറന്റുകളിൽ ബീഫിന് അലങ്കാരമായി സവാളയില്ല. ഓംലെറ്റിൽ സവാളയുടെ സ്ഥാനത്ത് കാബേജ് ! ഉത്തരേന്ത്യൻ വിഭവങ്ങളിൽ സവാള ഒഴിച്ചുകൂടാനാവാത്ത വസ്തു ആയതിനാൽ ഇതരസംസ്ഥാനക്കാരുടെ രുചിയ്ക്ക് എങ്ങനെ പകരം വസ്തുക്കളെ ഇറക്കുമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഹോട്ടലുകൾ.

തീപ്പെട്ടിയും ഉപ്പും ഒഴികെ എല്ലാ വസ്തുക്കൾക്കും അഞ്ചു മുതൽ 100 ശതമാനം വരെ വില വർദ്ധിച്ചിട്ടുണ്ടെന്ന് ഹോട്ടലുടമകൾ പറയുന്നു.

കൈമ പോലുള്ള ബിരിയാണി അരിയ്ക്ക് കഴിഞ്ഞ ഒന്നര മാസത്തിനിടെ വർദ്ധിച്ചത് 30 രൂപയോളം. ഇടത്തരം കൈമ അരിയ്ക്ക് 70 രൂപയിൽ നിന്ന് 100 രൂപയിലേറെയായി വില. മറ്റു പച്ചക്കറികൾ, മീൻ എല്ലാം അതേ അവസ്ഥയിലാണ്.

സകലതിനും വില കയറി

'വീട്ടിൽ സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ടാണ് സവാള വില മാത്രം ആളുകൾ ചർച്ച ചെയ്യപ്പെടുന്നത്. ഹോട്ടലുകാരുടെ അവസ്ഥ അതല്ല. ബിരിയാണി പോലും വയ്ക്കാനാവില്ല. മുന്നോട്ട് എങ്ങനെ പോകുമെന്ന് അറിയാത്ത അവസ്ഥയാണ്.'

അസീസ്

എറണാകുളം ജില്ലാ പ്രസിഡന്റ്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

കളക്ടറേറ്റ് മാർച്ച് ഇന്ന്

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എറണാകുളം ജില്ലാ കളക്ട്രേറ്റ് മാർച്ചും ധർണയും നടത്തും. രാവിലെ 10 ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ധർണ്ണ ഉദ്ഘാടനം ചെയ്യും.

ഡിസംബർ 17ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഹോട്ടലുകൾ അടച്ചിടുന്നതു പോലുള്ള കടുത്ത സമര മാർഗത്തിലേക്ക് നീങ്ങാനും ആലോചനയുണ്ട്.