തൃക്കാക്കര: കേരള സർക്കാരിന്റെ അഭിമാനപദ്ധതിയായ കേരള ബാങ്ക്,ആഹ്ലാദ ദിനാഘോഷവും ബഹുജനകൂട്ടായ്മയും ഇന്ന് വൈകീട്ട് 4 മണിക്ക് ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിന്റെ 13 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിലേയ്ക്ക് ലയിപ്പിച്ചുകൊണ്ട് യാഥാർത്ഥ്യമായിരിക്കുകയാണ്. നിലവിലുണ്ടായിരുന്ന ത്രിതല സംവിധാനം ദ്വിതല സംവിധാനമായി മാറിയതിലൂടെ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി മാറുകയും കുറഞ്ഞ ചെലവിൽ ആധുനിക ബാങ്കിംഗ് സേവനം സാധാരണക്കാർക്ക് പ്രാപ്യമാക്കുവാനാവുകയും ചെയ്യും.

കേരള ബാങ്കിന്റെ സംസ്ഥാനതല പ്രഖ്യാപനം ഡിസംബർ 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. 2019 ഡിസംബർ 9 ആഹ്ലാദദിനമായി ജില്ലാതലത്തിൽ അതിവിപുലനായി ആഘോഷിക്കുന്നതിന് ജില്ലയിലെ സഹകാരി സമൂഹവും തീരുമാനിച്ചിരിക്കുകയാണ്. വൈകുന്നേരം 3 മണിക്ക് എറണാകുളം മറൈൻെഡൈവിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയും തുടർന്ന് 4 മണിക്ക് ഡർബാർ ഹാളിൽ സഹകാരി ബഹുജന കൂട്ടായ്മയും സംഘടിപ്പിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടന കർമ്മം നിർവഹിക്കും.