കാക്കനാട്: ഇരുട്ടിന്റെ മറവിൽ തൃക്കാക്കര നഗരസഭയുടെ പലഭാഗങ്ങളിലും മാലിന്യം തള്ളുന്നത് വീണ്ടും വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ് മാലിന്യം തള്ളുന്നത്. കാക്കനാട് ഇൻഫോപാർക്ക് റോഡിൽ ഐ.എം.ജിക്ക് സമീപവും, കുസുമഗിരി ആശുപത്രിക്ക് സമീപത്തെ റോഡുവക്കിലും, ഇൻഫോപാർക്ക് കരിമുകൾ റോഡിൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രധാന ഗേറ്റിന് സമീപത്തായി രണ്ടിടങ്ങളിലും, ചിറ്റേത്തുകാര ഇൻഫോപാർക്ക് സ്പീഡ് ഹൈവേയുടെ
സമീപത്തുമാണ് മാലിന്യം തള്ളുന്നത്. ഇൻഫോ പാർക്ക് കരിമുകൾ റോഡിൽ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി പ്രധാന ഗേറ്റിന് സമീപത്തായി പൊതുനിരത്തിലെ മാലിന്യ നിക്ഷേപം വഴിയാത്രക്കാർക്കും ടെക്കികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
മാലിന്യങ്ങൾ തള്ളുന്നത് രാത്രിയിൽ
രാത്രി എട്ടുമണിക്ക് ശേഷം ആൾ സഞ്ചാരം കുറവാണ്. ഇത് മുതലാക്കിയാണ് മാലിന്യ നിക്ഷേപത്തിന് ആളുകൾ എത്തുന്നത്.
രാത്രി പൊലീസിന് കാര്യക്ഷമമായ പട്രോളിംഗ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായകമായിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളിൽ കൊണ്ടുവന്നിടുന്നത് പതിവാണ്.
മാലിന്യനിക്ഷേപത്തിനെതിരെ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥലങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്യണമെന്ന് ടെക്കികൾ ആവശ്യപ്പെടുന്നു.മാലിന്യം പൊതുവഴിയിൽ തള്ളുന്നവരെ കണ്ടെത്തുന്നതിനൊ, പിഴ ഈടാക്കുന്നതിനൊ ഏറെ കെട്ടിഘോഷിച്ചു കൗൺസിലർമാരുടെ നേതൃത്വത്തിൽ രാത്രികാല സ്‌ക്വാഡ് പ്രവർത്തനങ്ങൾ ഉണ്ടായിരുന്നത് ഇപ്പോൾ കടലാസിൽ മാത്രം ഒതുങ്ങി.
കണ്ടില്ലെന്ന് നടിച്ച് നഗരസഭ
ഇൻഫോപാർക്ക് സ്മാർട്ട് സിറ്റി എന്നിവിടങ്ങളിലെ വിവിധ കമ്പനികളിലായി സ്വദേശികളും,വിദേശികളുമായി പതിനായിരങ്ങളാണ് ജോലിചെയ്യുന്നത്. ഈ നിരത്തിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും ഇതിനെതിരെ നഗരസഭ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
പകർച്ചവ്യാധികൾക്ക് കാരണമായേക്കാം
ഈ പ്രദേശങ്ങളിൽ പതിവായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. അഴുകി ദുർഗന്ധം പരക്കുകയും പകർച്ചവ്യാധികൾ പടരുമെന്ന ആശങ്കയിലുമാണ് നാട്ടുകാർ. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നത് മാലിന്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു. രൂക്ഷമായ ദുർഗന്ധം വമിക്കുന്നതിനാൽ യാത്ര ചെയ്യുന്ന ആളുകൾ ഈ ഭാഗത്ത് എത്തുമ്പോൾ മൂക്ക് പൊത്തി ഓടേണ്ട അവസ്ഥയാണ്.