shane-nigam

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച ചർച്ചയുടെ പേരിൽ താരസംഘടനയായ 'അമ്മ"യിൽ തർക്കം. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യാതെ ഭാരവാഹികളായ ഇടവേള ബാബുവും സിദ്ദിഖും ഷെയ്‌നുമായി അനൗദ്യോഗിക ചർച്ച നടത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

ഇക്കാര്യം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഉണ്ണി ശിവപാൽ പരസ്യമായി പറഞ്ഞതോടെയാണ് തർക്കം പുറത്തായത്. ഭാരവാഹികൾ സ്വകാര്യമായി തീരുമാനമെടുത്താൽ സംഘടനയിൽ നിന്ന് രാജിവയ്‌ക്കുമെന്നാണ് ഭീഷണി. എന്നാൽ ഉണ്ണിയുടെയും കൂട്ടരുടെയും എതിർപ്പ് സംഘടനാപ്രവർത്തനത്തിൽ പരിചയമില്ലാത്തതു കൊണ്ടാണെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു കേരളകൗമുദിയോട് പറഞ്ഞു. നവംബർ 28നാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്‌നിനെ വിലക്കിയത്.

ആലുവയിലെ സിദ്ദിഖിന്റെ വീട്ടിൽ വച്ചാണ് ഷെയ്‌‌നുമായുള്ള കൂടിക്കാഴ്‌ച നടന്നത്. തുടർന്ന് ഫെഫ്‌ക ഭാരവാഹികളുമായി തിങ്കളാഴ്‌ച ചർച്ച നടത്തിയ ശേഷം നിർമ്മാതാക്കളെ കാണാനായിരുന്നു തീരുമാനം. ഇക്കാര്യം വിദേശത്തുള്ള 'അമ്മ" പ്രസിഡന്റ് മോഹൻലാലിനെ ഫോണിലും അറിയിച്ചു. ഇക്കാര്യങ്ങൾ മറ്റു ഭാരവാഹികളെ അറിയിച്ചില്ലെന്നതാണ് ഉണ്ണിശിവപാലിനെയും കൂട്ടരെയും ചൊടിപ്പിച്ചത്.

എന്നാൽ ലൊക്കേഷനിൽ മയക്കുമരുന്ന് ഉപയോഗം പോലുള്ള ഗുരുതരമായ ആരോപണം വന്നതിനാൽ വിഷയം എല്ലാവരെയും അറിയിച്ച് ചർച്ച ചെയ്യണമെന്നാണ് ഉണ്ണി ശിവപാലിന്റെ വാദം. അതേസമയം വിവാദം കെട്ടടങ്ങുമെന്ന പ്രതീക്ഷയുണ്ടെന്ന് ഷെയ്ൻ പ്രതികരിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തുന്ന താരം മന്ത്രി എ.കെ. ബാലനെ കാണുമെന്നും വിവരമുണ്ട്.

പതിവുവഴികൾ മാത്രം

'ഫെഫ്‌ക ഭാരവാഹികളുമായുള്ള ചർച്ചയ്‌ക്ക് ശേഷം അമ്മയിൽ അവൈലബിൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിക്കാമെന്നായിരുന്നു കരുതിയത്. സാധാരണ ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്ന മാർഗത്തിലൂടെ തന്നെയാണ് നീങ്ങുന്നത്. ഇന്ന് ഫെഫ്‌കയുമായി കൂടിക്കാഴ്ചയുണ്ട്".

- ഇടവേള ബാബു, 'അമ്മ" ജനറൽ സെക്രട്ടറി