പിറവം: കാക്കൂർ കാളവയലിന്റെ നാട്ടിൽ കാർഷികപ്പഴമയുടെ നേരറിവുകൾ തേടി രാമമംഗലം ഹൈസ്കൂൾ വിദ്യാർത്ഥികൾ. നൂറ്റാണ്ടിലേറെ പഴക്കമുള്ള കാഞ്ഞിരപ്പിള്ളി മനയിലാണ് ജൈവകൃഷിയുടെയും കാക്കൂർ കാളവയലിന്റെയും ചരിത്രം തേടി കുട്ടികളുടെ സന്ദർശനം.
കേരളീയ വാസ്തുശില്പ മാതൃകയിൽ പണികഴിപ്പിച്ച മാളികയും നാലുകെട്ടും നടുമുറ്റവും കുട്ടികൾ കൗതുകത്തോടെ കണ്ടു. മരം കൊണ്ട് നിർമ്മിച്ച ആനവാതിലുകൾ, മംഗലാപുരം ഓടുമേഞ്ഞ നാലിറയം , നാല് കടവുകളോടും കുളപ്പുരയോടും കൂടിയ വിശാലമായ കുളം, പത്തായപ്പുര എന്നിവയും കുട്ടികൾ കണ്ടു. തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരനായ കെ.എൻ രാജൻ നമ്പൂതിരിപ്പാട് കുട്ടികളുമായി സംവദിച്ചു.
മനയുടെ പ്രത്യേകതകളെക്കുറിച്ച് വിദ്യാരംഗം കൺവീനറും കാഞ്ഞിരപ്പിള്ളി മന കുടുംബാംഗവുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാട് വിശദീകരിച്ചു. മുത്തശി സുഭദ്ര അന്തർജ്ജനം ബാല്യകാല അനുഭവങ്ങളും നാട്ടറിവുകളും പങ്കുവെച്ചു.
കാക്കൂർ കാളവയലിന്റെ ആരംഭം കുറിച്ച കാഞ്ഞിരപ്പിള്ളി മനയുടെ ഇപ്പോഴത്തെ കാരണവർ കെ.ആർ രാമൻ നമ്പൂതിരിപ്പാട് കാളവയലിന്റെ ചരിത്രത്തെക്കുറിച്ച് പറഞ്ഞു. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, അദ്ധ്യാപകരായ ഹരീഷ് ആർ. നമ്പൂതിരിപ്പാട് . സിനി സി ഫിലിപ്പ് , രമ്യ എം.എസ് എന്നിവരോടൊപ്പം എത്തിയ സംഘം ഒരു മണിക്കൂറോളം മനയിൽ ചെലവഴിച്ചു. പ്രദേശവാസിയും ജൈവകർഷകനുമായ സുനിൽ കള്ളാട്ടുകുഴി നെൽകൃഷിയെപ്പറ്റിയും ജൈവകൃഷിയെപ്പറ്റിയും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.