bjp

കൊച്ചി : ബി.ജെ.പി സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താൻ ചേർന്ന സംസ്ഥാന നേതാക്കളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കെ.സുരേന്ദ്രൻ, എം.ടി.രമേശ്, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരെയാണ് പരിഗണിച്ചത്. പുതിയ പ്രസിഡന്റിനെ ജനുവരിയിലേ തീരുമാനിക്കൂവെന്നാണ് സൂചന.

കൊച്ചിയിൽ ഇന്നലെ ചേർന്ന സംസ്ഥാന നേതാക്കളുടെ യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധരൻ വിഭാഗവും എം.ടി. രമേശിന് വേണ്ടി പി.കെ. കൃഷ്ണദാസ് വിഭാഗവും വാദിച്ചു. ഒ. രാജഗോപാൽ എം.എൽ.എ ശോഭ സുരേന്ദ്രന്റെ പേരും അവതരിപ്പിച്ചു. മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും സമവായം ഉണ്ടായില്ല.

ജി.വി.എൽ നരസിംഹറാവുവിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ നേതാക്കളെത്തി ചർച്ചകൾ നടത്തും. ആർ.എസ്.എസ് നേതൃത്വത്തിന്റെ അഭിപ്രായവും കേട്ട ശേഷമാകും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കുക.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചതായി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. ഈ മാസം 21, 22 തിയതികളിൽ മണ്ഡലം പ്രസിഡന്റുമാരെയും 30 നകം ജില്ലാ പ്രസിഡന്റുമാരെയും തിരഞ്ഞെടുക്കും.