ആലുവ: ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും നിർദ്ദിഷ്ട സീപോർട്ട്-എയർപോർട്ട് റോഡിൻെറ രണ്ടാം ഘട്ടം പൂർത്തിയായില്ല. രണ്ടാം ഘട്ടത്തിൽ നിർമ്മാണം നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്.എം.ടി മുതൽ കല്ലായിതുരുത്ത് വരെയുള്ള ഭാഗം ഫണ്ട് അനുവദിച്ചിട്ടും നൂലാമാലകളിൽ കുടുങ്ങി .
കേവലം മൂന്ന് കിലോമീറ്ററിൽ താഴെയുള്ള ഭാഗത്താണ് ഇപ്പോൾ നിർമ്മാണം. ഇതിൽ എച്ച്.എം.ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇതുവരെ നിർമ്മാണം തുടങ്ങിയിട്ടില്ല. അവശേഷിക്കുന്ന ഭാഗത്ത് രണ്ട് ചെറുപാലങ്ങൾ നിർമ്മിക്കുകയും മണ്ണിട്ട് റോഡ് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇനി മെറ്റൽ വിരിച്ച ഉറപ്പിച്ച ശേഷം ടാറിംഗ് പൂർത്തിയാക്കണം. കേന്ദ്ര സർക്കാരിന് കീഴിലുള്ള ആയുധശേഖരണശാല (എൻ.എ.ഡി )യുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും അവസാനഘട്ടത്തിലാണ്.
രണ്ടാം ഘട്ടം 13 വർഷത്തിനു ശേഷം
എൻ.എ.ഡി റോഡ് വരെയുള്ള 2.7 കിലോമീറ്ററിന്റെ ജോലികൾ 2015ലാണ് ആരംഭിച്ചത്. ആദ്യഘട്ടം പൂർത്തിയായി 13 വർഷത്തിനു ശേഷമാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. കല്ലായിത്തുരുത്തിൽ കഴിഞ്ഞ മാസമാണ് ഏറ്റെടുത്ത ഭൂമിയിലെ കാടുകൾ വെട്ടിക്കളഞ്ഞത്. ഇവിടെ നിന്ന് മുന്നോട്ടേയ്ക്ക് പോകണമെങ്കിൽ ഇനി എൻ.എ.ഡി കനിയണം.കല്ലായിത്തുരുത്തിൽ നിന്ന് മഹിളാലയം, തുരുത്ത് പാലങ്ങൾ വഴി നെടുമ്പാശേരിയിൽ എത്തേണ്ട റോഡിലേക്ക് വേണ്ട സ്ഥലവും ഏറ്റെടുക്കാനുണ്ട്.
ചുമതല റോഡ്‌സ് ആൻഡ് ബ്രിജസ് കോർപറേഷന്
കേരളത്തിന്റെ വ്യവസായ–വാണിജ്യ മേഖലകളുടെ വികസനത്തിനും വിശാലകൊച്ചിയുടെ വികസനത്തിനും വഴിതെളിക്കുമെന്നു വിശ്വസിച്ചു തുടങ്ങിയ സീപോർട്ട്–എയർപോർട്ട് റോഡ് ലക്ഷ്യത്തിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും. പണത്തിനു പുറമേ, സ്ഥലമേറ്റെടുക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നു.
സീ പോർട്ട്-എയർ പോർട്ട് റോഡ്:ഇരുമ്പനം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ
പൂർത്തിയായത് ഇരുമ്പനം മുതൽ എച്ച്എംടി വരെ 11.3 കിലോമീറ്റർ
പൂർത്തിയാകാനുള്ളത് എച്ച്.എം.ടി മുതൽ നെടുമ്പാശേരി വരെയുള്ള 14.4 കിലോമീറ്റർ
എച്ച്.എം.ടിയും നാവികസേനയുമായുള്ള തർക്കത്തിന് പരിഹാരം
സീപോർട്ട് എയർപോർട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എച്ച്.എം.ടിയുടെ ഭൂമിക്ക് തുക അനുവദിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ തുക അനുവദിക്കും. നാല് ഏക്കർ ഭൂമിക്ക് 16 കോടി രൂപയാണ് എച്ച്.എം.ടിക്ക് നൽകേണ്ടത്.
എൻ.എ.ഡിയുടെ ആറേക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എൻ.എ.ഡിക്കു സമീപത്ത് ഫ്ലൈഓവർ നിർമ്മിച്ച് നൽകുകയോ റോഡ് വീതി കൂട്ടി രണ്ടു വരിയാക്കുകയോ ചെയ്യണമെന്ന വ്യവസ്ഥയാണ് നേവി മുന്നോട്ട് വെച്ചത്. ഇതിൽ റോഡ് വീതി കൂട്ടി രണ്ടു വരിയാക്കാമെന്ന വ്യവസ്ഥ സർക്കാർ അംഗീകരിച്ചു. റോഡ് വികസിക്കുന്നതോടെ ട്രാഫിക് വർദ്ധിക്കുകയും നേവിക്ക് ഡിപ്പോയിലേക്കെത്താൻ ബുദ്ധിമുട്ടാകുമെന്ന് നേവി അധികൃതർ ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനാണ് റോഡ് രണ്ടു വരിയാക്കുന്നത്. എൻ.എ.ഡി ജനറൽ മാനേജർ കൈലാസം രാജ, കമാൻഡന്റ് മനീഷ് സിംഗ്, എച്ച്.എം.ടി ജനറൽ മാനേജർ എസ്. ബാലമുരുഗേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.