തൃക്കാക്കര: ഭൂമിയുടെ പരിവർത്തനത്തിൽ മോണിറ്ററിംഗ് കമ്മറ്റി ചേരാത്തതിൽ കളക്ടർ അടിയന്തിര റിപ്പോർട്ട് തേടി. എൽദോ എബ്രഹാം എം.എൽ.എയുടെ പരാതിയെ തുടർന്നാണ് മോണിറ്ററിംഗ് കമ്മറ്റിയുടെ ചുമതലയുള്ള ഫോർട്ട് കൊച്ചി ആർ.ഡി.ഒ യോട് ജില്ല കളക്ടർ എസ്.സുഹാസ് റിപ്പോർട്ട് തേടിയത്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഗ്രാമപ്രദേശങ്ങളിൽ 10 സെന്റിൽ താഴെയും നഗരത്തിൽ 5 സെന്റിൽ താഴെയും നിലം എന്ന പേരിൽ കിടക്കുന്ന സ്ഥലത്ത് വീട് പണിയുന്നതിന് അനുവാദം കൊടുക്കുന്ന ജില്ലാ തല മോണിറ്ററിംഗ് കമ്മറ്റി ചേർന്നിട്ട് മാസങ്ങളായതായി എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി. ജില്ലാതല മോണിറ്ററിംഗ് സമിതി എല്ലാ മാസവും ചേരണമെന്നാണ് ചട്ടം. ഇതിനായി വില്ലേജ് തല കമ്മറ്റി ചേർന്ന് അർഹരായ അപേക്ഷ ജില്ല തല കമ്മറ്റിക്ക് ശുപാർശ ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ മാസങ്ങളായി കമ്മറ്റി ചേരാത്തതുമൂലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അപേക്ഷകർ വലയുകയാണെന്ന് എൽദോ എബ്രഹാം എം.എൽ.എ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്നാണ് പ്രശ്നത്തിൽ കളക്ടർ അടിയന്തിര റിപ്പോർട്ട് തേടിയത്.