മൂവാറ്റുപുഴ: എം.സി റോഡിൽ വീണ്ടും അപകടം. ഈസ്റ്റ് മാറാടി ഇലവുംചുവട്ടിൽ നിയന്ത്രണം വിട്ട കാർ ജ്യൂസ് കടയും, ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകർത്തു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്ര മറാസോ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. മൂവാറ്റുപുഴ-കൂത്താട്ടുകുളം എം. സി റോഡിൽ ഈസ്റ്റുമാറാടിയിൽ നേടുമാചേരിൽ മനോജിന്റെ ജ്യൂസ് കടയിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് കെ. എസ്.ഇ.ബി പുതുതായി സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തകർക്കുകയായിരുന്നു. അപകടത്തിൽ മനോജിന്റെ ജ്യൂസ് കട പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കുകൾ ഉണ്ട്. ഇവർ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സതേടി.