നെടുമ്പാശേരി: ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വിൽപ്പനയും സൂക്ഷിക്കലും പാരിസ്ഥിതിക പ്രശ്‌നങ്ങൾ മുൻനിർത്തി നിരോധിക്കുവാൻ എടുത്ത തീരുമാനം ആയിരക്കണക്കിനാളുകളെ പ്രതിസന്ധിയിലാക്കുമെന്നും പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നും കേരള പ്ലാസ്റ്റിക്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നിരോധനത്തെ തുടർന്ന് ക്രിസ്തുമസ്, ന്യൂ ഇയർ സീസണുകൾ ഉൾപ്പടെ മുന്നിൽ കണ്ട് സ്റ്റോക്ക് ചെയ്തിരിക്കുന്ന വലിയ അളവിലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുവാൻ സാധിക്കാതെ വരികയും മുടക്കിയ സംഖ്യ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അസോസിയേഷൻ ചൂണ്ടികാട്ടി.

ശക്തമായ പ്രക്ഷോഭമെന്ന് ടി. നസറുദിൻ

നെടുമ്പാശേരി: സംസ്ഥാനത്ത് നടപ്പിലാക്കുവാൻ പോകുന്ന പ്ലാസ്റ്റിക് നിരോധനം മൂലം വ്യാപാരികൾക്ക് ബുന്ധിമുട്ടുകളൊ നഷ്ടങ്ങളോ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദിൻ പറഞ്ഞു.

സംസ്ഥാനത്ത് ഇറങ്ങുന്ന മിക്ക ഉൽപ്പന്നങ്ങളും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ്. അത് കൊണ്ട് അത് പൂർണ്ണമായും നടപ്പിലാക്കുവാൻ സാധിക്കുകയില്ല. തൊഴിൽ ചെയ്യുവാൻ സഹായം നൽകണമെന്ന് പറയുന്ന സംസ്ഥാനത്ത് അത് ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന നടപടികൾ അംഗീകരിക്കുവാൻ കഴിയുകയില്ല. വ്യാപാരികൾക്ക് ദൂഷ്യം ചെയ്യുന്ന നടപടികൾക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടത്തുക തന്നെ ചെയ്യും. വ്യാപാരികൾക്ക് നഷ്ടം വരുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ നയം തിരുത്തക തന്നെ വേണം. ലോണുകളും മറ്റും എടുത്ത് കോടികണിക്കിന് രൂപ മുടക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് ഒറ്റയടിക്ക് തൊഴിലാളികളെ പിരിച്ച് വിടുകയെന്നത് അംഗീകരിക്കുവാൻ കഴിയുന്നതല്ലയെന്നും ടി നസറുദിൻ വ്യക്തമാക്കി.