kumar-72
കുമാർ

എരൂർ: തിരുവല്ല മതിൽ കോടിക്കൽ പരേതനായ എം. ശിവരാമൻ നായരുടെ മകൻ ശങ്കരമംഗലത്ത് കുമാർ (എം.എസ്.കുമാർ - ഓമനക്കുട്ടൻ - 72) നിര്യാതനായി. കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിൽ എൺപതുകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഫാക്ട് നാടകവേദിയിൽസജീവമായിരുന്ന അദ്ദേഹം പോൾ കോമ്പാറയുമൊത്ത് നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു. ബോധി എന്ന നാടകത്തിന് അക്കാലത്തെ പ്രശസ്തമായ ടാസ് അവാർഡ് ലഭിച്ചു. ശക്തമായ ആക്ഷേപഹാസ്യം തന്റെ രചനകളിൽ പ്രതിഫലിപ്പിച്ചിരുന്ന കുമാർ വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയിൽ പ്രവർത്തിക്കുന്ന കാലത്ത് പ്രേംനസീറിനേയും മകൻ ഷാനവാസിനേയും ഒന്നിച്ച് ആദ്യമായി തിരശ്ശീലയിൽ എത്തിക്കാനുള്ളശ്രമം നടത്തി. ഇതിനായി വൈക്കം ചന്ദ്രശേഖരൻ നായരുടെ ദാഹിക്കുന്നവരുടെ വഴി എന്ന നോവൽ പഞ്ചപാണ്ഡവ ഫിലിംസിന്റെ ബാനറിൽ അതേ പേരിൽ ചിത്രീകരണം തുടങ്ങിയെങ്കിലും ഷൂട്ടിംഗിനിടയിൽ ഉപേക്ഷിക്കുകയായിരുന്നു. മിമിക്രിയുടെ ആദ്യരൂപം സ്റ്റേജിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. ഗാനമേളകളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. രണ്ട് തവണകളിലായി ഏകദേശം മുപ്പത് വർഷത്തോളം പി.ഡി.ഒ എന്നറിയപ്പെടുന്ന പെട്രോളിയം ഡവലപ്പ്‌മെന്റ് ഒമാൻ സീനിയർ ടെക്‌നീഷ്യനായി സേവനം അനുഷ്ഠിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11ന് എരൂർ വീട്ടുവളപ്പിൽ. ഭാര്യ: ഗീത (റിട്ട. സംസ്‌കൃതാദ്ധ്യാപിക, കേന്ദ്രീയ വിദ്യാലയ, കൊച്ചി). മക്കൾ: ഡോ. വിവേക് ശങ്കർ (നോവാർട്ടീസ്, ഹൈദരാബാദ്), ഹരിശങ്കർ (ദുബായ്). മരുമക്കൾ: ശ്രുതി (ജി.എസ്.കെ.,ബംഗ്ലൂരു), വീണ (ദുബായ്).