ആലുവ: ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ജില്ലയിൽ ട്രെയിൻ ടിക്കറ്റ് കരിഞ്ചന്ത വിൽപ്പന വ്യാപകം. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് ബുക്കിംഗ് സെക്ഷനിലെ ചില ജീവനക്കാരുടെ കൂടി പിന്തുണയോടെയാണ് വിൽപ്പന നടക്കുന്നതെന്നാണ് ആക്ഷേപം.
റെയിൽവേ ബോർഡിന്റെ നിർദ്ദേശപ്രകാരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഇതേതുടർന്നാണ് പെരുമ്പാവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജാസ്മിൻ ടൂർസ് ആന്റ് ട്രാവത്സ് ഉടമ വെസ്റ്റ് ചാലക്കുടി പാളയംകോട്ടുകാരൻ വഹാബ് ഷംസുദ്ദീൻ (42) അറസ്റ്റിലായത്. ഇതര സംസ്ഥാനക്കാരെ കൂലിക്ക് നിയോഗിച്ചാണ് വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റുകൾ വ്യാപകമായി ശേഖരിക്കുന്നത്. ടിക്കറ്റ് അത്യാവശ്യമായി വരുന്ന ഇതര സംസ്ഥാനക്കാർക്ക് തന്നെ രണ്ടിരട്ടി വരെ തുകക്ക് മറിച്ച് വിൽക്കുകയാണ്.
ഒരു അപേക്ഷ ഫോറത്തിൽ നാല് ടിക്കറ്റുകൾ വീതം ബുക്ക് ചെയ്യാം. ദിവസ കൂലിക്ക് ഇതര സംസ്ഥാനക്കാരനെ നിയോഗിച്ച് ഒരു ദിവസം തന്നെ നിരവധി ടിക്കറ്റുകളെടുക്കും.
ലക്ഷ്യം അന്യസംസ്ഥാനക്കാർ
കൂടുതൽ തിരക്കുള്ള, അസാം, ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ ടിക്കറ്റുകളാണ് ശേഖരിക്കുന്നത്. ട്രാവത്സുകളുടെ മറവിലാണ് വിൽപ്പന. രണ്ടോ മൂന്നോ ടിക്കറ്റുകളുടെ ലാഭം മാത്രം ടിക്കറ്റ് എടുക്കുന്നയാൾക്ക് കൂലിയായി നൽകിയാൽ മതി. കൂലി നൽകുന്നതിന്റെ പത്തിരട്ടിയിലേറെ ലാഭം ട്രാവൽ ഏജൻസികൾക്ക് ലഭിക്കും.
കഴിഞ്ഞ ദിവസം പിടിയിലായ വഹാബ് ഷംസുദ്ദീന്റെ
ഓഫീസിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ 56,000 രൂപയുടെ 30ലേറെ ടിക്കറ്റുകൾ പിടിച്ചെടുത്തു. ഭൂരിഭാഗവും അസാം, കൊൽക്കത്ത, യുപി ഭാഗങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ ടിക്കറ്റുകളാണ്. റെയിൽവേയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് ഇതരസംസ്ഥാനക്കാരുടെ ടിക്കറ്റുകൾ ആർ.പി.എഫ് സൂക്ഷ്മമായി പരിശോധിച്ചാണ് കരിഞ്ചന്ത വിൽപ്പന കേന്ദ്രം കണ്ടെത്തിയതെന്ന് ആർ.പി.എഫ് സി.ഐ എ.കെ. പ്രിൻസ് പറഞ്ഞു.
റെയിൽവെ നിയമ പ്രകാരംഅനധികൃതമായി ടിക്കറ്റുകൾ സംഭരിച്ച് വിൽപന നടത്തുന്ന കുറ്റത്തിന് പ്രതിക്കെതിരെ കേസെടുത്തു. .ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർ പി.വി. രാജു, എ എസ് ഐ ഒ.യു. അബ്ദുൾ ഖാദർ, തോമസ് ഡാൽവി, എം.എച്ച്. അനീഷ്, രമ്യ രാജൻ എന്നിവർ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
മൂന്ന് വർഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റം