കൊച്ചി : ക്രൈസ്തവസഭകൾക്കുള്ളിൽ നേരിടുന്ന വിഷമതകളും വിവേചനങ്ങളും തുറന്നുപറയുന്ന 'കന്യാസ്ത്രീയ്ക്കു പറയാനുള്ളത് ' എന്ന പരിപാടി ഈമാസം 17 ന് വൈകിട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ നടക്കും. ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി ഫെയ്സ്ബുക്ക് കൂട്ടായ്‌മയാണ് സംഘാടകർ.

മഠങ്ങളിൽ നടക്കുന്ന സംഭവങ്ങൾ പുറത്തുപറയാൻ കന്യാസ്ത്രീകൾക്ക് ഉൗർജം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു. മഠങ്ങളിലെ കാര്യങ്ങൾ പൊതുസമൂഹത്തെ അറിയിക്കുക, മാതാപിതാക്കളെ ബോധവത്കരിക്കുക എന്നിവയും ലക്ഷ്യങ്ങളാണ്. കന്യാസ്ത്രീകളുടെ തുറന്നുപറച്ചിലുകൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുന്നില്ല. മാനക്കേടും സമൂഹത്തിലെ വില നഷ്ടപ്പെടുമെന്ന പേടിയുമാണ് കന്യാസ്ത്രീകളെ സഹായിക്കാൻ മാതാപിതാക്കളും കുടുംബാംഗങ്ങളും പോലും തയ്യാറാകാത്തതെന്ന് അവർ പറഞ്ഞു.

ജസ്റ്റിസ് കെ. കെമാൽപാഷ, എം.എൻ. കാരശേരി, അഡ്വ. ജയശങ്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

കന്യാസ്ത്രീകളെ അടിച്ചമർത്തുന്ന സമീപനമാണ് മതമേലദ്ധ്യക്ഷന്മാർ സ്വീകരിക്കുന്നതെന്ന് ഓൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോസഫ് വെളിവിൽ പറഞ്ഞു.

പുരുഷാധിപത്യം സഭയിൽ അതിശക്തമാണ്. അവരെ ഭയന്ന് സഭയ്ക്കുള്ളിൽ നടക്കുന്ന മോശം കാര്യങ്ങൾ പുറത്തുപറയാൻ കന്യാസ്ത്രീകൾ മടിക്കുകയാണ്. കന്യാസ്ത്രീകളിൽ മുക്കാൽ ഭാഗവും മാനസികവിഷമങ്ങൾക്ക് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.