കൊച്ചി : ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഏഴു മാസത്തെ പണിക്കൂലി കിട്ടിയിട്ടില്ല. ആഴ്ചയിലോ രണ്ടാഴ്ചയിലോ കൂലി നൽകണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ഫണ്ട് ലഭിക്കാത്തതും സാമ്പത്തികക്ളേശവും മൂലമാണ് കൂലി വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
8000 കോടി രൂപ കുടിശിക ഇനത്തിൽ മാത്രം സംസ്ഥാനത്തിന് കേന്ദ്രം നൽകാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. ജോലി ചെയ്യിപ്പിക്കുന്നത് ഗ്രാമ പഞ്ചായത്തുകളാകയാൽ കൂലിയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്ന് തൊഴിലാളികൾ പറയുന്നു.
# പഴിചാരി കേന്ദ്രവും സംസ്ഥാനവും
മുൻകാലങ്ങളിൽ കേന്ദ്രം നൽകിയ തുകയുടെ ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാനം സമർപ്പിക്കാത്തതിനാലാണ് തുക നൽകാൻ കേന്ദ്രം വൈകുന്നതത്രെ. റിപ്പോർട്ട് കൊടുത്തതായി സംസ്ഥാന സർക്കാരും പറയുന്നു. തർക്കത്തിൽ കുടുങ്ങിയതാകട്ടെ പാവം തൊഴിലാളകളും.
# നിയമത്തിലെ ഉറപ്പ് പ്രവൃത്തിയിലില്ല
ഓരോ ഗ്രാമീണ കുടുംബത്തിനും ഉപജീവനത്തിന് ജോലിയും കൂലിയും നൽകുകയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.
2006 സെപ്തംബർ എട്ടിന് നടപ്പാക്കിയ തൊഴിലുറപ്പ് നിയമ പ്രകാരം ഓരോ കുടുംബത്തിനും ഒരു വർഷം കുറഞ്ഞത് 100 ദിവസത്തെ ജോലി നൽകണം. കൂലി ആഴ്ചയിലോ രണ്ടാഴ്ചയിൽ ഒരിക്കലോ കൃത്യമായി നൽകണം.
# കൂലി വൈകിയാൽ നഷ്ടപരിഹാരം
2014 ജനുവരി മൂന്നിലെ ഉത്തരവ് പ്രകാരം കൂലി മുടങ്ങുന്ന പതിനാറാം ദിവസം മുതൽ ഓരോ ദിവസവും മുടങ്ങിയ വേതനത്തിന് പ്രതിദിനം അര ശതമാനം തുക നഷ്ടപരിഹാരം നൽകണം. ജോലി നൽകിയില്ലെങ്കിൽ തൊഴിലില്ലായ്‌മ വേതനം നൽകണം. ഇത് ഉറപ്പാക്കാനുള്ള ചുമതല പ്രോഗ്രാം ഓഫീസർക്കാണ്. ഇത് ചെയ്തില്ലെങ്കിൽ നിയമപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.
# സർക്കാർ ഇടപെടണം
ഗ്രാമീണ ജനതയുടെ പട്ടിണിമാറ്റാനും സ്ത്രീ തൊഴിലാളികളുടെ അന്തസ് ഉയർത്താനും മഹാത്മാഗാന്ധിയുടെ പേരിൽ നടപ്പിലാക്കിയ പദ്ധതി തകർക്കാനാണ് നരേന്ദ്രമോദി സർക്കാർ ശ്രമിക്കുന്നത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കാൻ സർക്കാർ തയ്യാറാകണം.
കെ.കെ. ഇബ്രാഹിംകുട്ടി
ജില്ലാ പ്രസിഡന്റ്
ഐ.എൻ.ടി.യു.സി