കൊച്ചി: ഈമാസം 12 മുതൽ 14 വരെ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിന്റെ സായാഹ്നങ്ങളെ സമ്പന്നമാക്കാൻ കലാപ്രകടനങ്ങളും. ആദ്യ ദിനത്തിൽ കേരള കലാമണ്ഡലം, രണ്ടാം ദിനം പ്രഗതി ബാൻഡ്, മൂന്നാം ദിവസം തൈക്കൂടം ബ്രിഡ്‌ജ് എന്നിവരാണ് ബോൾഗാട്ടി ഐലൻഡിലെ വേദിയിൽ എത്തുക. വൈകിട്ട് ഏഴ് മുതലാണ് കലാപരിപാടികൾ. പ്രവേശനം സൗജന്യം.

• കേരള കലാമണ്ഡലത്തിന്റെ 'അണ്ടർ ദി ട്രീ' എന്ന ഫ്യൂഷൻ കലാശില്പത്തിൽ നൂറിൽപരം കലാകാരന്മാർ അണിനിരക്കും.

• പിന്നണി ഗായകൻ ഹരിശങ്കർ നയിക്കുന്ന സ്വതന്ത്ര മ്യൂസിക് ബാൻഡായ 'പ്രഗതി' അവതരിപ്പിക്കുന്ന സംഗീതനിശയാണ് രണ്ടാം ദിവസത്തെ ആകർഷണം.

• തൈക്കൂടം ബ്രിഡ്‌ജിന്റെ പുതിയ ആൽബമായ 'നമ:' യുടെ കേരളത്തിലെ ആദ്യ ഷോയാണ് ഡിസൈൻ വീക്കിന്റെ അവസാന ദിനം.

ഡിസൈൻ ഫുഡ് ഫെസ്റ്റിവലിൽ വൈകിട്ട് ആറു മുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഭക്ഷണ വിഭവങ്ങളുടെ ഡിസൈൻ കാണാനും ഭക്ഷണം ആസ്വദിക്കാനും അവസരമുണ്ട്.

രൂപകല്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക്‌സ്‌, ഐ.ടി വകുപ്പ് ഡിസൈൻ വീക്ക് ഉച്ചകോടി ഒരുക്കുന്നത്.