മരട്‌ ∙ഫ്ലാറ്റ്‌ പൊളിക്കുമ്പോൾ സമീപത്തുള്ള വീടുകൾക്ക്‌ ഉണ്ടാകുന്ന നാശനഷ്‌ടം കണക്കാക്കുന്നതിനുള്ള സ്‌ട്രക്‌ച്ചറൽ ഓഡിറ്റിങ് ആരംഭിച്ചു. ആൽഫ സെറീൻ ഫ്ലാറ്റിന്‌ സമീപത്തുള്ള വീടുകളിലാണ്‌ ആദ്യം ഒാഡിറ്റിംഗ്. അസോസിയേഷൻ ഓഫ്‌ ജിയോ ടെക്‌നിക്കൽ കൺസൽട്ടിംഗ് റിംഗ് എൻജിനിയേഴ്‌സ്‌ പ്രസിഡന്റ് റെജി സക്കറിയ, ടെക്നിക്കൽ ഡയറക്ടർ ബിന്ദു സുനിൽ എന്നിവരുടെ നേതൃത്വത്തിൽ ഏഴംഗ സംഘംഏഴ് വീടുകളുടെ ഓഡിറ്റിങ്ങാണ് ആദ്യ നടത്തിയത് .നിലവിലുള്ള വിള്ളലുകൾ, അടിത്തറയുടെ ബലം, തറ വിസ്‌തീർണം, നിലവിലെ മാർക്കറ്റ്‌ വില എന്നിവ നിശ്‌ചയിക്കുന്നതിനാണ്‌ ഓഡിറ്റിങ്. ഇൻഷ്വറൻസ്‌ കമ്പനിയുമായി ബന്ധമില്ലെങ്കിലും ഇൻഷ്വറൻസ്‌ പണം നൽകേണ്ടി വന്നാൽ ഇത്‌ രേഖയായി പരിഗണിക്കും. സുരക്ഷ ഏർപ്പെടുത്താനുള്ള തീരുമാനത്തിനും ഇത്‌ മാനദണ്ഡമാകും. ഫ്ലാറ്റ് പൊളിച്ചതിനു ശേഷം ഒരു ഓഡിറ്റിങ് കൂടി നടത്തും. ഫ്ലാറ്റുകൾ പൊളിക്കാൻ തുടങ്ങിയതിന്‌ ശേഷം വീടുകൾക്ക്‌ സംഭവിച്ച കേടുപാടുകൾ വിലയിരുത്തിയെങ്കിലും വീട്ടിൽ നിന്ന്‌ എടുത്തുമാറ്റാവുന്ന സാധനങ്ങൾ ഓഡിറ്റിങ്ങിൽ പരിഗണിച്ചിട്ടില്ല. അസോസിയേഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന പ്രാഥമിക വിവരങ്ങൾ അസോസിയേഷനിൽ ചർച്ചചെയ്‌തിന്‌ ശേഷം രണ്ടു ദിവസത്തിനകം റിപ്പോർട്ടായി സർക്കാരിന്‌ സമർപ്പിക്കും. അതിനു ശേഷം ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചാവും തുടർന്നുള്ള സ്ഥലങ്ങളിലെ സ്‌ട്രക്‌ച്ചറൽ ഓഡിറ്റിംഗ്. എസ്‌ ആൻഡ് ആർ കൺസൾട്ടന്റിന്റെ പ്രതിനിധിയാണ്‌ റെജി സക്കറിയ. ജിയോ സ്‌ട്രക്‌ച്ചറൽസ്‌ പ്രതിനിധിയാണ്‌ ബിന്ദു സുനിൽ. ഓഡിറ്റിംഗിനോട്‌ പ്രദേശവാസികൾ സഹകരിച്ചതായി റെജി സക്കറിയ പറഞ്ഞു.

ആശങ്കപടരുന്നു

∙ ആൽഫാ ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നത് താങ്ങാനുള്ള വലിപ്പം ഫ്ലാറ്റ് അങ്കണത്തിന് ഇല്ലെന്ന് പൊളിക്കൽ നടപടി വിലയിരുത്താനെത്തിയ ദക്ഷിണാഫ്രിക്കൻ ജെറ്റ് ബ്ലാസ്റ്റിങ് കോർസീനിയർ സൈറ്റ് മാനേജർ കെവിൻ സ്മിത് അഭിപ്രായപ്പെട്ടു. പരിസരത്തെ നാല് വീടുകൾ പൂർണമായും അവശിഷ്ടങ്ങൾക്ക് അടിയിലാകും.ആൽഫാ ഫ്ലാറ്റിന് തൊട്ടടുത്ത കരോട്ട് ഹരിയുടെ വീടിന്റെ ടെറസിനു മുകളിൽ നിന്ന്സബ് കലക്ടർ സ്നേഹിൽകുമാർ സിംഗിനോട് ഫ്ലാറ്റ് അങ്കണത്തിലേക്കു നോക്കി ഇക്കാര്യം പറഞ്ഞതു വീട്ടുകാർകേട്ടു . . നാട്ടുകാർ കൂടിയെങ്കിലും കൂടുതൽ വിശദീകരണത്തിനു മുതിരാതെ കളക്ടറും സ്മിത്തും മടങ്ങി.