കിഴക്കമ്പലം: മാഞ്ചേരിക്കുഴിപ്പാലം നാട്ടുകാരുടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളെറെയായി. നിർമ്മാണോദ്ഘാടനം കഴിഞ്ഞ് 2 വർഷം പിന്നിട്ടിട്ടും നിർമ്മാണം ഒച്ചിഴയും പോസെയാണ്. ഒന്നര വർഷംകൊണ്ട് നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്റി ഉറപ്പ് നൽകിയെങ്കിലും പാഴ്വാക്കായി .ഉദ്ഘാടനത്തിന് ശേഷം പൈലിംഗ് ജോലികൾ ഏറെ നാളുകൾക്ക് ശേഷമാണ് ആരംഭിച്ചത്. പടിഞ്ഞാറെ മോറക്കാലയിലെ താളിക്കല്ല് ഭാഗത്തുനിന്ന് ചെറുവഞ്ചിയിൽ കയറി എറണാകുളത്തേക്ക് പോകുന്ന ദുരിതത്തെ തുടർന്നാണ് മാഞ്ചേരിക്കുഴി പാലം എന്ന ആശയം ഉടലെടുത്തത്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോകുന്നതിനാൽ എം.എൽ.എ മാരായ പി.ടി.തോമസ്, വി.പി.സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇടക്കിടെ മീറ്റിങ്ങുകൾ നടത്തുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥ ഇടപെടൽ വേണ്ട നിലയിൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
മാഞ്ചേരിക്കുഴിപാലം
തൃക്കാക്കര - കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പടിഞ്ഞാറെ മോറയ്ക്കാലയിലാണ് മാഞ്ചേരിക്കുഴിപാലം. വർഷങ്ങൾക്ക് മുൻപ് പാലത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും അന്ന് പദ്ധതി ഉപേക്ഷിച്ചു.
നബാർഡിന്റെ ഫണ്ട് ഉപയോഗിച്ച് പാലം നിർമാണം ടെണ്ടർ ചെയ്ത് പണി ആരംഭിച്ചതാണ്. എന്നാൽ പാലത്തിന്റെ ഉയരം 10 മീറ്റർ വേണമെന്ന ആവശ്യവുമായി ചിലർ രംഗത്തു വന്നത് പണിനിർത്തിവെയ്ക്കാൻ കാരണമായി. പന്നീട് 2017 ഡിസംബർ 11 നാണ് പുനർനിർമ്മാണം തുടങ്ങിയത്.
യാത്രാ സുഖകരമാവും
പള്ളിക്കരയിൽ നിന്നു ജില്ലാ കേന്ദ്രമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും കോലഞ്ചേരി, പാങ്കോട്, പഴന്തോട്ടം, പറക്കോട്, മോറക്കാല വഴി യാത്ര എളുപ്പമാവും. പടിഞ്ഞാറെ മോറക്കാലയിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് അര മണിക്കൂർ നടന്നാൽ ഇൻഫോ പാർക്ക്, സ്മാർട്ട് സിറ്റി പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനാകും. ഇപ്പോൾ ഇവിടത്തെ തൊഴിലാളികൾ മോറക്കാല, പള്ളിക്കര, കാക്കനാട് വഴിയാണ് മണിക്കൂറുകൾ സഞ്ചരിച്ച് തൊഴിൽ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്.
ഇൻഫോ പാർക്കിലേയ്ക്കും അതു വഴി കാക്കനാട്ടേക്കും, എറണാകുളത്തേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകും.
നാട്ടുകാരിൽ പലരും സ്ഥലം സൗജന്യമായി നൽകി
പാലം യാഥാർഥ്യമായാൽ
പള്ളിക്കര, മോറയ്ക്കാല എന്നിവിടങ്ങളിൽ വൻ വികസനത്തിന് കളമൊരുങ്ങും
കടമ്പ്രയാറിലൂടെയുള്ള വിനോദസഞ്ചാര വികസനത്തിനും സാധ്യതതെളിയും
ചെലവ് ഇപ്പോൾ12 കോടി
സ്മാർട്ട്സിറ്റി, ഇൻഫോപാർക്ക് എന്നിവിടങ്ങളിലേക്കുള്ള ദൂരം 6 കി.മീ വരെ കുറയും
തേക്കടി കാക്കനാട് സംസ്ഥാന പാതയിലെ ട്രാഫിക്ക് ബ്ളോക്കിന് ശാശ്വത പരിഹാരം