lucy
photo

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ പീഡിപ്പിച്ച കന്യാസ്‌ത്രീക്കും അവരെ പിന്തുണച്ച സഹപ്രവർത്തകർക്കും നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലുകളും വേദനകളുമാണ് 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്‌തകം രചിക്കാൻ പ്രേരണയായതെന്ന് എറണാകുളം പ്രസ്‌ ക്‌ളബിൽ നടന്ന പ്രകാശന ചടങ്ങിൽ സിസ്‌റ്റർ ലൂസി കളപ്പുര പറഞ്ഞു.

അടിച്ചമർത്തലുകൾക്കെതിരായ ചെറിയ സംഭാവനയാണ് ഈ പുസ്തകം. പ്രതികാരത്തിനോ ആരെയെങ്കിലും മോശമായി ചിത്രീകരിക്കാനോ അല്ല,അടിമത്വത്തിൽ നിന്നുള്ള മോചനമാണ് ഉദ്ദേശ്യം. നിരവധി കന്യാസ്‌ത്രീകളുടെ മനസിൽ ബുക്കുകൾ രൂപപ്പെട്ടിട്ടുണ്ടാകും. അവ അക്ഷരങ്ങളായി പുറത്തുവരുന്നില്ലെന്ന് മാത്രം. 2003 മുതലുള്ള ഡയറിക്കുറിപ്പുകളാണ് പുസ്‌തകരൂപത്തിലായതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.

നിഷ്‌കളങ്കമായ രീതിയിൽ ഒരു കന്യാസ്‌ത്രീയുടെ ജീവിതം പറയുന്നതാണ് 'പുസ്തകമെന്ന്' സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു. എന്തുകൊണ്ട് കത്തോലിക്കാ സഭ ഒരു കന്യാസ്‌ത്രീയെ ഭയക്കുന്നു.അവർക്ക് പറയാനുള്ളത് പറയട്ടേ എന്നല്ലേ വിചാരിക്കേണ്ടത്. നിസാരമായ വാക്കുകളെ ഭയക്കുന്നത് അവരുടെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ്. പുറത്തേക്ക് വാതിലുകളില്ലാത്ത അകത്തേയ്‌ക്കുള്ള പോക്കാണ് കന്യാസ്‌ത്രീകളുടെ ജീവിതമെന്നും ബെന്യാമിൻ പറഞ്ഞു.ബെന്യാമിൻ, വിധു വിൻസെന്റ്, സിസ്‌റ്റർ ലൂസി, അഡ്വ. എം.എസ്. സജി എന്നിവർ ചേർന്ന് പുസ്‌തകം പ്രകാശനം ചെയ്തു.