ഫോർട്ട് കൊച്ചി: കൊച്ചിൻ കാർണിവലിന് തിരിതെളിഞ്ഞതോടെ ഫോർട്ടുകൊച്ചിക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ.സെന്റ്. ഫ്രാൻസിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തിൽ വീരമൃത്യു വരിച്ചവർക്ക് പുഷ്പചക്രം അർപ്പിച്ചാണ് തുടക്കം കുറിച്ചത്. വിശിഷ്ട വ്യക്തികൾ ഉൾപ്പടെ ചടങ്ങിൽ പങ്കാളികളായി. ഇനിയുള്ള ദിവസങ്ങൾ കലാകായിക മേളയുടെ ദിനങ്ങളാണ്. കഴിഞ്ഞ 36 വർഷമായി കൊച്ചിൻ കാർണിവൽ മുറതെറ്റാതെ നടന്നു വരികയാണ്. അന്യജില്ലക്കാരടക്കം പരിപാടി കാണാൻ ഇവിടെ ആളുകൾ എത്താറുണ്ട്.സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തിൽ നിന്നുള്ള ബൈക്ക് പ്രേമികൾ ഇവിടെ ബൈക്ക് റേസ് മത്സരത്തിന് എത്താറുണ്ട്. കര കടൽ എടുത്തതോടെ കഴിഞ്ഞ കുറെ വർഷങ്ങളായി ബീച്ച് റേസ് ഇതിനു സമീപപ്രദേശങ്ങളിലാണ് നടന്നു വരുന്നത്. കൊച്ചി ബിനാലെ പോലുള്ള പരിപാടികൾക്ക് സർക്കാർ കോടിക്കണക്കിന് രൂപ സഹായം നൽകുമ്പോൾ ഇതുപോലുള്ള ജനകീയ പരിപാടിക്ക് യാതൊരു സഹായവും ലഭിക്കാത്തത് ഭാരവാഹികൾക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ഫോർട്ടുകൊച്ചി വെളിമുതൽ ബീച്ച് അങ്കണം വരെ ഇനിയുള്ള ദിവസങ്ങളിൽ നക്ഷത്ര ദീപങ്ങൾ മിഴി തുറക്കും. ഗാനമേള, ഡി.ജെ.ഷോ, കഥകളി, ഓട്ടൻതുളളൽ, ചവിട്ടുനാടകം, ചൂണ്ടയിടൽ മത്സരം തുടങ്ങി നൂറോളം മത്സരങ്ങൾ വിവിധ വേദികളിൽ നടക്കും. 31 ന് രാത്രി 12 മണിക്കാണ് ആഘോഷത്തിന്റെ വെടിക്കെട്ടിന് അരങ്ങൊരുങ്ങുന്നത്. ഉച്ചയോടെ ഫോർട്ടുകൊച്ചിയിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തും.

ജനുവരി 1 ന് ഫോർട്ടുകൊച്ചി വെളിയിൽ നിന്നും വർണശബളമായ റാലിക്ക് തുടക്കം കുറിക്കും. റാലിയിൽ നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ മലബാർ ഐറ്റങ്ങളും അണിനിരക്കും. തുടർന്ന് വാസ്കോഡ ഗാമ സ്ക്വയറിൽ നല്ല പ്ളോട്ടുകൾക്ക് സമ്മാനം നൽകും.ഇതോടെ 25 ദിവസം നീണ്ട് നിൽക്കുന്ന പരിപാടികൾക്ക് തിരശീല വീഴും. ഇതിനോടനുബന്ധിച്ച് ഫോർട്ടുകൊച്ചി വെളിയിലെ കൂറ്റൻ മരം നക്ഷത്ര ദീപങ്ങൾ, അലങ്കാര വിളക്കുകൾ ഉപയോഗിച്ച് അലങ്കരിക്കും. ഇതിന് ലക്ഷങ്ങളാണ് ചെലവ് വരുന്നത്. 31ന് രാത്രി പരിപാടി കഴിഞ്ഞ് പൊതുജനങ്ങൾക്ക് വീട്ടിലേക്ക് പോകാൻ പ്രത്യേക ബോട്ടുകളും ബസുകളും സർവീസ് നടത്തും.പരിപാടിക്കായി മട്ടാഞ്ചേരി അസി.കമ്മീഷ്ണറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സുരക്ഷ ഒരുക്കാൻ ഫോർട്ടുകൊച്ചിയിലും പരിസരത്തും നിലയുറപ്പിക്കും.

പപ്പാഞ്ഞിയെ കാത്ത്

രാത്രി കൃത്യം 12 ന് പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്ന് സൈറൺ മുഴങ്ങുന്നതോടെ ഫോർട്ടുകൊച്ചിയിൽ സ്ഥാപിച്ച കൂറ്റൻ പപ്പാഞ്ഞി അഗ്നിക്കിരയാകും. ഇതോടെ മറ്റൊരു പുതുവർഷത്തെ വിദേശികളടക്കം പതിനായിരക്കണക്കിന് സ്വദേശികളും വരവേൽക്കും. ആട്ടും പാട്ടും നൃത്തവുമായി പരസ്പരം വിദേശികളടക്കമുള്ളവർ കേക്കും വൈനും നൽകി പുതുവർഷത്തെ വരവേൽക്കും. സിനിമാ താരങ്ങൾ ഉൾപ്പടെ വിശിഷ്ട വ്യക്തികൾ പപ്പായെ കത്തിക്കുന്നതു കാണാൻ പൈതൃകനഗരിയിൽ എത്തിച്ചേരും.