കൊച്ചി: വയനാട് ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പു കടിയേറ്റു മരിച്ച സംഭവത്തെത്തുടർന്ന് സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഹൈക്കോടതി സ്വമേധയാ കേസെടുക്കുന്നു. ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ഇക്കാര്യം ആവശ്യപ്പെട്ട് എഴുതിയ കത്തും വയനാട് ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടും പരിഗണിച്ച ചീഫ് ജസ്റ്റിസ് ഇതു സ്വമേധയാ ഹർജിയായി പരിഗണിക്കുന്നതിന് നടപടിയെടുക്കാൻ രജിസ്ട്രിയോടു നിർദ്ദേശിച്ചു.
നവംബർ 20 നാണ് ഷഹ്‌ല പാമ്പു കടിയേറ്റു മരിച്ചത്. സംഭവം വിവാദമായതോടെ ജില്ലാ ജഡ്ജിയോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കേരള ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ കൂടിയായ ജസ്റ്റിസ് അബ്ദുൾ റഹീം നിർദ്ദേശിച്ചിരുന്നു. സ്കൂൾ, ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടെന്നായിരുന്നു റിപ്പോർട്ട്. ഷഹ്‌ലയുടെ ക്ളാസ് മുറിയിൽ വലിയൊരു മാളമുണ്ടെന്നും സ്കൂളും പരിസരവും ശോചനീയമായ നിലയിലാണെന്നും റിപ്പോർട്ടിലുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം കത്തെഴുതിയത്. യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും കത്തിൽ പറയുന്നു. വിദ്യാഭ്യാസ, തദ്ദേശ ഭരണ, ആരോഗ്യ വകുപ്പുകളും പൊലീസും ഉത്തരവാദിത്വം കാട്ടുന്നില്ലെന്ന ആരോപണവുമുണ്ട്.
കത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ
മിക്ക സ്കൂളുകളിലും പി.ടി.എ, സ്കൂൾ മാനേജ്മെന്റ് സമിതികൾ പ്രവർത്തനരഹിതം
പരാതിപ്പെട്ടി പല സ്കൂളുകളിലുമില്ല
സ്കൂൾ പരിസരങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം
സ്കൂളുകളിൽ വൃത്തിയും വെടിപ്പും ഉറപ്പാക്കാൻ പരിശോധനയില്ല
സാമൂഹ്യ വിരുദ്ധർ കടന്നു കയറുന്നത് തടയുന്നില്ല