കൊച്ചി : കളമശേരിയിൽ കൊച്ചിൻ കാൻസർ സെന്ററിന്റെ കെട്ടിടം നിർമ്മാണത്തിനിടെ തകർന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നിർമ്മാണം പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിൽ. ഇക്കാര്യം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പുമന്ത്രി യോഗം വിളിക്കാൻ ദിവസം നിശ്ചയിച്ചിട്ടില്ല. നിർമ്മാണത്തിന് പണം നൽകുന്ന കിഫ്ബിയും മേൽനോട്ടം വഹിക്കുന്ന ഇൻകെലും അന്വേഷണ റിപ്പോർട്ടുകൾ ലഭിച്ചശേഷം മതി നടപടിയെന്ന നിലപാടിലാണ്.
കഴിഞ്ഞ നവംബർ 25 നാണ് ഇരുനൂറ് ചതുരശ്ര മീറ്റർ ഭാഗത്തെ വാർക്ക താഴെവീണത്. ഗുണനിലവാരക്കുറവ് ചൂണ്ടിക്കാട്ടി കിഫ്ബി പണി നിറുത്തിവയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. കിഫ്ബി സംഘം സ്ഥലം പരിശോധിച്ച് മാനേജിംഗ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചനകൾ. ഇതിനെ അടിസ്ഥാനമാക്കിയാകും കിഫ്ബി ഇനി പണം നൽകുക.
ഇൻകെലും സ്പെഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിയോഗിച്ച പൊതുമരാമത്ത് വകുപ്പ് സംഘവും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടില്ല. കരാറുകാരനെ മാറ്റുന്നതുൾപ്പെടെ ആവശ്യങ്ങൾ അധികൃതർക്ക് മുമ്പിൽ വിവിധ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
# മന്ത്രി യോഗം വിളിക്കും
സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി കെ.കെ. ശൈലജ യോഗം വിളിക്കും. ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, കളക്ടർ എസ്. സുഹാസ്, സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ്, കിഫ്ബി, ഇൻകെൽ പ്രതിനിധികൾ പങ്കെടുക്കും.
# പ്രതിപക്ഷസംഘം സന്ദർശിച്ചു
കളമശേരി : കെട്ടിടം തകർന്ന പ്രദേശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ സന്ദർശിച്ചു. എം.എൽ.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ മുത്തലിബ്, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ റുഖിയാ ജമാൽ, കെ.പി.സി.സി. അംഗം ജമാൽ മണകാടൻ ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി ജോസഫ് ആൻറണി തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു
# പ്രൊജക്ട് ഓഫീസറെ നിയമിക്കണം
കാൻസർ റിസർച്ച് സെന്റർ കെട്ടിടം ഇടിഞ്ഞുവീണതിനെ കുറിച്ച് സമഗ്രാന്വേഷണം നടത്തണം. ഉത്തരവാദികളായവർക്കെതിരെ നടപടി വേണം. കമ്പനിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. കെട്ടിട നിർമ്മാണം പുനരാരംഭിക്കുന്നതിന് മുമ്പ് സാങ്കേതിക വൈദ്യഗ്ദ്ധ്യമുള്ള പ്രൊജക്ട് ഓഫീസറെ നിയമിക്കണം.
രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ്
# സമഗ്രമായി അന്വേഷിക്കണം
സി.പി.എം ജില്ലാ നേതൃത്വത്തിന് കരാർ കമ്പനിയുമായുള്ള ബന്ധവും അന്വേഷിക്കണം. ഇത്തരം കമ്പനികളുമായി കഴിഞ്ഞ മൂന്നര വർഷക്കാലത്തെ സി.പി.എമ്മിന്റെ ബന്ധം പുറത്തുവരണം. ചിരകാല അഭിലാഷമായ കാൻസർ സെന്റർ കെട്ടിടം ഇടിഞ്ഞുവീണത് ഗുരുതര വീഴ്ചയാണ്. കരാർ കമ്പനിയുടെ യോഗ്യതയും അന്വേഷിക്കണം. നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കണ്ടെത്തലുകളും ലാഘവത്തോടെ കാണാൻ കഴിയില്ല. ഇതെല്ലാം ഉൾപ്പെടുത്തി സമഗ്രമായ അന്വേഷണം വേണം.
മുല്ലപ്പിള്ളി രാമചന്ദ്രൻ
കെ.പി.സി.സി പ്രസിഡന്റ്