കൊച്ചി : മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന 16ാമത് കേരള ബാംബൂ ഫെസ്റ്റ് ഇന്ന് (ചൊവ്വാഴ്ച) സമാപിക്കും. 170 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. മുള, പാള, വിത്ത്, പുല്ല് അങ്ങനെ 'പുല്ലുവിലയുള്ള' എല്ലാം പൂക്കളായി മാറിയിരിക്കുന്ന അത്ഭുതമാണ് ഇത്തവണത്തെ ബാംബൂ ഫെസ്റ്റിലെ പ്രധാന ആകർഷണം. നീണ്ട തണ്ടുകളിൽ മനോഹരമായ പൂക്കൾ വിവിധ നിറങ്ങളിൽ വിടർന്നു നിൽക്കുന്ന കാഴ്ച അതിമനോഹരമാണ്. വയനാടൻ ഗ്രാമങ്ങളിൽ നിന്നുള്ള സ്ത്രീകൾ വീട്ടിലിരുന്ന് ഉണ്ടാക്കുന്നവയാണ് അധികവും. ചടങ്ങുകൾക്കും മറ്റ് അലങ്കാരത്തിനും വീടുകളുടെ ഇന്റീരിയറുകൾ മനോഹരമാക്കാനും ഈ പൂക്കൾ അനുയോജ്യമാണ്. 20 രൂപ മുതൽ പൂക്കൾ ലഭ്യമാണ്.
ഇരിക്കാനുള്ള ചെറിയ സ്റ്റൂളുകൾ മുതൽ മേശകൾ, കസേരകൾ, കട്ടിലുകൾ, ഡൈനിംഗ് ടേബിൾ, ടീപ്പോയ്, ആട്ടുകട്ടിലുകൾ തുടങ്ങി വൈവിദ്ധ്യമാർന്ന ഫർണീച്ചറുകൾ മാത്രമല്ല അണിഞ്ഞൊരുങ്ങാൻ മുളയാഭരണങ്ങളും മേളയിൽ ലഭ്യമാണ്. വർളി ആർട്ട്, മ്യൂറൽ ചിത്രങ്ങൾ, ആക്രിലിക് പെയ്ന്റിംഗ് അങ്ങനെ ആഭരണങ്ങളിലെ ഡിസൈനുകൾ പലതാണ്. കറുത്ത ചരടിലെ മുള ലോക്കറ്റുകളും മനോഹരമായ പെയിന്റിംഗുകളും ആകർഷകമായ വളകളും മിതമായ വിലയ്ക്ക് വാങ്ങാം.
#മുളയച്ചാർ മുതൽ മുളയരിപ്പായസം വരെ
മുളങ്കൂമ്പിന്റെ അച്ചാർ ഔഷധഗുണമുള്ളതാണ്. മുളയരി കൊണ്ടുള്ള ലഡ്ഡു, ബിസ്‌ക്കറ്റുകൾ, അച്ചപ്പം, കുഴലപ്പം, പായസം അങ്ങനെ ഭക്ഷ്യാവശ്യത്തിനും മുള വലിയ തോതിൽ ഉപയോഗിക്കുന്നു.
പൂർണമായും മുള കൊണ്ടുണ്ടാക്കിയ ബാഗുകളും, ജ്യൂട്ട് ബാഗിൽ മുള ഡിസൈനുകളുമുണ്ട്. മുള കൊണ്ടുള്ള പലതരം ഹാങ്ങറുകളുടെ ഇൻസ്റ്റലേഷനും ഫെസ്റ്റിന്റെ പ്രത്യേകതയാണ്.