കൊച്ചി: സീപോർട്ട് എയർപോർട്ട് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന എച്ച്.എം.ടിയുടെ ഭൂമിക്ക് തുക അനുവദിക്കുന്നതിന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചാൽ തുക അനുവദിക്കും. നാല് ഏക്കർ ഭൂമിക്ക് 16 കോടി രൂപയാണ് എച്ച്.എം.ടിക്ക് നൽകേണ്ടത്.

എൻ.എ.ഡിയുടെ ആറേക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എൻ.എ.ഡിക്കു സമീപത്ത് ഫ്‌ളൈഓവർ നിർമ്മിച്ച് നൽകുകയോ റോഡ് വീതി കൂട്ടി രണ്ടു വരിയാക്കുകയോ ചെയ്യണമെന്ന വ്യവസ്ഥയാണ് നേവി മുന്നോട്ട് വെച്ചത്. ഇതിൽ റോഡ് വീതി കൂട്ടി രണ്ടു വരിയാക്കാമെന്ന വ്യവസ്ഥ സർക്കാർ അംഗീകരിച്ചു. റോഡ് വികസിക്കുന്നതോടെ ട്രാഫിക് വർദ്ധിക്കുകയും നേവിക്ക് ഡിപ്പോയിലേക്കെത്താൻ ബുദ്ധിമുട്ടാകുമെന്ന് നേവി അധികൃതർ ചൂണ്ടിക്കാട്ടി. ഇതു പരിഹരിക്കുന്നതിനാണ് റോഡ് രണ്ടു വരിയാക്കുന്നത്. എൻ.എ.ഡി ജനറൽ മാനേജർ കൈലാസം രാജ, കമാൻഡന്റ് മനീഷ് സിംഗ്, എച്ച്.എം.ടി ജനറൽ മാനേജർ എസ്. ബാലമുരുഗേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.