ആലുവ: എടത്തല അൽ അമീൻ കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ കോളേജ് മാഗസിൻ എഡിറ്റർമാർക്കുവേണ്ടി സംഘടിപ്പിച്ച എഡിറ്റിങ് ടേബിൾ ത്രിദിന ശില്പശാല സമാപിച്ചു. മാദ്ധ്യമപ്രവർത്തകരായ കമൽറാം സജീവ്, മനില സി. മോഹൻ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനം അൽഅമീൻ എജ്യുക്കേഷണൽ ട്രസ്റ്റ് ജോയന്റ് സെക്രട്ടറി എ.എ. മുഹമ്മദ് താഹിർ ഉദ്ഘാടനം ചെയ്തു.
കോളേജിന്റെ സ്ഥാപക മാനേജറും കൊച്ചിയുടെ നഗരപിതാവുമായിരുന്ന എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ പേരിൽ അൽ അമീൻ കോളേജ് മാഗസിൻ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച കോളേജ് മാഗസിനുള്ള പുരസ്‌കാരത്തിന് അർഹമായ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തകത്തിനുള്ള പുരസ്‌കാരം എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. എം.എസ്. മുരളി സമ്മാനിച്ചു. കോളേജ് മാനേജർ ഡോ. എം.ഐ. ജുനൈദ് റഹ്മാൻ, ട്രസ്റ്റി കെ.എച്ച്. ശഫീഖ്, പ്രിൻസിപ്പൽ പ്രൊഫ. എം.ബി. ശശിധരൻ, യാസർ അഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ ഹക്കിം,പ്രൊഫ. എം.എച്ച്. ഷാനിബ, ആമിനുൽ നേഹ എന്നിവർ സംസാരിച്ചു.