കൊച്ചി: സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ലക്ഷ്യമിട്ട് എൽ.ഡി.എഫ് സർക്കാർ ആരംഭിച്ച കേരള ബാങ്കുമായി കോൺഗ്രസ് സഹകരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ബാങ്ക് ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികൾ കോൺഗ്രസ് ബഹിഷ്കരിക്കും.
വാണിജ്യ ബാങ്കിന് കെ.പി.സി.സി എതിരല്ല. സഹകരണ മേഖലയെ തകർത്തല്ല ബാങ്ക് ആരംഭിക്കേണ്ടത്. ഭരണഘടനാ വിരുദ്ധമായി രൂപീകരിച്ച കേരള ബാങ്കിനെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പോലും നിയമാനുസൃതമല്ല. 2013 ൽ പാർലമെന്റ് പാസാക്കിയ റൈറ്റ് ടു കോ ഓപ്പറേഷൻ ആക്ട് ഭേദഗതിയുടെ ആർട്ടിക്കിൾ 19 (1) (സി) യിൽ സഹകരണ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് നിർദേശിക്കുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശം സംരക്ഷിക്കാൻ കൊണ്ടുവന്ന ഭേദഗതിക്ക് വിരുദ്ധമാണ് സർക്കാർ നടപടി. സഹകരണ മേഖലയിലെ മൂന്നര ലക്ഷം കോടി രൂപയിൽ കണ്ണുവച്ചാണ് മുഖ്യമന്ത്രി ബാങ്കുകളെ പിരിച്ചുവിട്ട് കേരള ബാങ്ക് തുടങ്ങുന്നതെന്നും മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സ്ത്രീപീഡനത്തിന്
എതിരെ മാ നിഷാദ
സ്ത്രീപീഡനങ്ങൾക്കെതിരെ ജനവികാരമുണർത്താൻ കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ 14 ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ 'മാ നിഷാദ' എന്ന പേരിൽ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കും. വാളയാർ കേസിൽ സർക്കാർ അലംഭാവത്തിനും സ്ത്രീ പീഡനങ്ങൾക്കുമെതിരെ 21 ന് ഡി.സി.സികളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും 13 ജില്ലാ കളക്ടറേറ്റുകളിലേക്ക് ജാഥയും സംഘടിപ്പിക്കും.
വാർഡ് തലത്തിൽ മഹാത്മാ കുടുംബ സംഗമം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ജനുവരി 20 മുതൽ ഫെബ്രുവരി 28 വരെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പദയാത്ര നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.