കൊച്ചി: കേരള ബാങ്ക് രൂപീകരണം എന്നത് പദ്ധതി മാത്രമല്ല ലോക സാമ്പത്തിക പ്രതിസന്ധിക്ക് കൃത്യമായ സാമ്പത്തിക ബദൽ കൂടെയാണെന്ന് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു . കൊച്ചി ഡർബാർ ഹാൾ മൈതാനത്ത് നടന്ന കേരള ബാങ്ക് രൂപീകരണത്തിന്റെ ആഹ്ലാദദിന ബഹുജന കൂട്ടായ്മ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ജനകീയ അടിത്തറയും സാമ്പത്തിക അടിത്തറയും പരസ്പരം ലയിച്ച ലോകത്തിലെ തന്നെ ആദ്യത്തെ ബാങ്ക് കൂടെയാണ് കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു. മറൈൻഡ്രൈവിൽ നിന്ന് ആരംഭിച്ച ആഘോഷ റാലിയിൽ സഹകരണ ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.

ജോൺ ഫെർണാണ്ടസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എസ്.ശർമ, എം. സ്വരാജ് , കെ.ജെ. മാക്‌സി, ആന്റണി ജോൺ, കണയന്നൂർ താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ ടി.എസ് ഷൺമുഖദാസ്, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രൻ, കൗൺസിലർ ഗ്രേസി ബാബു ജേക്കബ് , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സുരേഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.