sunitha

കൊച്ചി: ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് അവർ ഒത്തുകൂടി. 25 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാർച്ചിൽ. ആ വേനലിൽ ഒരു പ്രണയം മൊട്ടിട്ടു. ആറു മാസം പൂത്തുലഞ്ഞ പ്രണയം ചോര ഉറയുന്ന ക്രൈം ത്രില്ലറായി വളർന്നു. ആക്‌ഷൻ, നാടകം, കൊലപാതകം. ക്ലൈമാക്‌സിൽ സൂപ്പർ ട്വിസ്‌റ്റ്. നായകനും നായികയും അഴിക്കുള്ളിൽ.

 സീൻ ഒന്ന്

തിരുവനന്തപുരം ചെറായിക്കോണം എൽ.എം.എസ് സ്‌കൂൾ. സഹപാഠികളായിരുന്ന കാലത്ത് പ്രേംകുമാറും സുനിതയും സുഹൃത്തുക്കൾ മാത്രം. മാർച്ചിലെ സമാഗമം എല്ലാം മാറ്റി മറിച്ചു. അന്ന് മടങ്ങുമ്പോൾ ഇരുവരും വാട്സ് ആപ്പിലൂടെ പ്രണയം പങ്കുവച്ചു. സുനിത ഹൈദരാബാദിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിട്ടും ഫോണിലൂടെ ബന്ധം ദൃഢമാക്കി. ദുഃഖങ്ങൾ പങ്കുവച്ചു. ഭർത്താവിന് സ്‌നേഹമില്ല... ക്രൂരമായി മർദ്ദിക്കും...അയാൾക്കെന്റെ ശമ്പളം മാത്രം മതി... സുനിത സങ്കടക്കെട്ടഴിച്ചു. സ്‌കൂളിൽ നിന്നെ പ്രണയിച്ചെന്ന് പ്രേംകുമാർ. നിനക്ക് മറ്റൊരു കുട്ടിയോടാണ് പ്രണയമെന്ന് കരുതിയെന്ന് സുനിതയും. ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ...?

പ്രേംകുമാർ ഹൈദരാബാദിലെത്തി സുനിതയെ കൂട്ടിക്കൊണ്ടുവന്നു.

 സീൻ 2

പേയാട് ഗ്രാന്റ് ടെക് വില്ല

നാലു മാസം മുമ്പ് തിരുവനന്തപുരത്ത് എത്തിയപ്പോൾ ഈ വില്ലയിലായിരുന്നു ഇരുവരുടെയും താമസം. സുനിത കളിയക്കാവിള ഗ്രേറ്റ് ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടായി. ഭർത്താവിന് മാസം കൃത്യമായി പണം നൽകണമെന്നു മാത്രമായിരുന്നു വ്യവസ്ഥ.

പ്രേംകുമാർ സുനിതയ്‌ക്കൊപ്പം താമസിക്കുന്ന വിവരം ഭാര്യ വിദ്യയ്‌ക്കറിയില്ലായിരുന്നു. ഒരു ദിവസം പ്രേംകുമാറും വിദ്യയും കാറിൽ പോകുമ്പോൾ സുനിതയുടെ കോളെത്തി. ദീർഘനേരമുള്ള സംഭാഷണത്തിൽ വിദ്യയ്‌ക്ക് സംശയമായി. നിങ്ങൾ ആരോടാ കൊഞ്ചിക്കുഴയുന്നത്? സ്കൂൾ സമാഗമത്തിൽ എത്തിയ സുനിതയാണ്... എന്നെ ഒഴിവാക്കുകയാണല്ലേ.... വിദ്യ കലഹം തുടങ്ങി.

 സീൻ 3

മകളുടെ വിവാഹം

ആദ്യ ഭർത്താവിലുള്ള വിദ്യയുടെ മകളുടെ വിവാഹം ആഗസ്‌റ്റിലായിരുന്നു. ആയുർവേദ ഡോക്‌ടറായ കുട്ടിയെ പഠിപ്പിച്ചതും പ്രേംകുമാർ. വിവാഹവേദിയിൽ നിന്ന് ആദ്യ ഭർത്താവിന്റെ ബന്ധുക്കൾ ഇയാളെ ആട്ടിയിറക്കി. വിദ്യ അനങ്ങിയതുമില്ല. ഇതോടെ പ്രേംകുമാർ ഭാര്യയെ ഒഴിവാക്കാനുള്ള ആലോചനയിലായി.

വിവേക് ( 28) എന്ന യുവാവുമായുള്ള ബിസനസ് ബന്ധം വഴിയാണ് വർഷങ്ങൾക്ക് മുമ്പ് പ്രേംകുമാർ വിദ്യയെ പരിചയപ്പെട്ടത്. വിദ്യയുടെ ബന്ധു എന്നാണ് വിവേക് പരിചയപ്പെടുത്തിയത്. ബന്ധം വിവാഹത്തിലെത്തി. ആദ്യ ഭർത്താവിൽ ഒരു മകളുണ്ടെന്ന് മാത്രമാണ് വിദ്യ പറഞ്ഞിരുന്നത്. വിവേക് വിദ്യയുടെ മകനാണെന്ന് പ്രേംകുമാർ തിരിച്ചറിഞ്ഞു. വിദ്യയുടെ നാലാമത്തെ ഭർത്താവാണ് താനെന്ന അറിവും പ്രേംകുമാറിനെ കോപാകുലനാക്കി.

 സീൻ 4

ഭാര്യയും കാമുകിയും ഒരു വീട്ടിൽ

പ്രേംകുമാറും വിദ്യയും വേർപിരിയാൻ തീരുമാനിക്കുന്നു. 14 ഉം 10 ഉം വയസുള്ള മക്കളെയും കൊണ്ടുപോകാമെന്ന് പ്രേംകുമാർ ഏറ്റു. പെൺകുട്ടിയെ തനിക്ക് വേണമെന്നായി വിദ്യ. മകളും നശിക്കുമെന്ന് തോന്നിയതിനാൽ അതിന് സമ്മതിച്ചില്ലെന്ന് പ്രേംകുമാർ പൊലീസിനോട് പറഞ്ഞു. ഇതോടെ വിദ്യയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

സെപ്‌തംബർ 20.

ഉച്ചയ്‌ക്ക് ഒരു മണിയോടെ വിദ്യയുമായി പ്രേംകുമാർ തിരുവനന്തപുരത്തേക്ക്. കഴുത്തുവേദന മാറാൻ ആയുർവേദ ചികിത്സ നടത്താമെന്ന് പറഞ്ഞായിരുന്നു യാത്ര.

തൊട്ട് മുമ്പുള്ള ദിവസം പ്രേംകുമാർ രണ്ടു മക്കളെയും ഉദയംപേരൂരിലെ വീട്ടിൽ നിന്ന് ചങ്ങനാശേരിയിലെ തറവാട്ടിലേക്ക് മാറ്റിയിരുന്നു. വില്ലയിലെ താഴത്തെ നിലയിൽ ഇരുവരും താമസിച്ചു. അപ്പോൾ മുകളിലത്തെ നിലയിൽ സുനിതയുണ്ടായിരുന്നു. 21 ന് പുലർച്ചെ മദ്യലഹരിയിൽ ബോധം കെട്ടുറങ്ങിയ വിദ്യയെ പ്രേംകുമാർ കഴുത്തിൽ കയറ് മുറുക്കി കൊലപ്പെടുത്തി. നഴ്സായ സുനിത മരണം ഉറപ്പാക്കി. ഇരുവരും ചേർന്ന് തിരുനെൽവേലിയിലെ ഹൈവേയിലെ വിജനമായ സ്ഥലത്ത് മൃതദേഹം തള്ളി.

 സീൻ 5

ഉദയംപേരൂർ പൊലീസ് സ്‌റ്റേഷൻ

മൃതദേഹം ഉപേക്ഷിച്ച ശേഷം കാറിൽ പ്രേംകുമാർ സുനിതയുമായി ഉദയംപേരൂർ പൊലീസ് സ്‌റ്റേഷനിലെത്തി. സുനിത കാറിൽ തന്നെ ഇരുന്നു. ഭാര്യയായ വിദ്യയെ കാണാനില്ലെന്ന് പരാതി നൽകി. മുമ്പും പലതവണ വിദ്യ മുങ്ങിയത് പരാതിയിൽ സൂചിപ്പിച്ചു. ഇത് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നു. ഇരുവരും തിരുവനന്തപുരത്ത് മടങ്ങിയെത്തി കളിയിക്കാവിളയിൽ വാടക വീട് എടുത്ത് താമസമായി. രണ്ടു മക്കളെയും കൂട്ടിക്കൊണ്ടു വന്നു, സ്‌കൂളിലും ചേർത്തു. ഇതിനിടയിൽ സുനിതയും പ്രേംകുമാറും കലഹിച്ച് വേർപിരിഞ്ഞു. സുനിത വെള്ളറടയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയോടെ വിദേശത്തേക്ക് മുങ്ങാനായിരുന്നു പ്രേംകുമാറിന്റെ ശ്രമം. മക്കളെ ഓർഫനേജിലേക്ക് മാറ്റാൻ വൈകിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചു.

ഇന്നലെ പുലർച്ചെ പ്രേംകുമാറും സുനിതയും ഒരുമിച്ച് വീണ്ടും ഉദയംപേരൂർ പൊലീസ് സ്‌റ്റേഷനിലെത്തി. പരാതിക്കാരായല്ല. പ്രതികളായി.