കൊച്ചി: ബീഫ് വാങ്ങാമെന്നു പറഞ്ഞാണ് ഗൃഹനാഥൻ വീട്ടിൽ നിന്നിറങ്ങിയത്. പോകുന്ന പോക്കിൽ പച്ചക്കറിക്കടയിലും കയറി. ബീഫ് ഫ്രൈയുടെ ചങ്കായ ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയുടെ വില കേട്ടതോടെ ബി.പി കൂടി. തെല്ലുനേരം ആലോചിച്ച ശേഷം ലിസ്റ്റിൽ നിന്ന് ബീഫ് വെട്ടിമാറ്റി. പച്ചക്കറി കൊണ്ട് അഡ്‌ജസ്റ്റ് ചെയ്യാമെന്ന് വീട്ടിലേയ്ക്ക് വിളിച്ചു പറഞ്ഞു.
ഉള്ളിയുടെയും സവാളയുടെയും വില കിലോയ്ക്ക് 160 കടന്നതോടെ പല വിഭവങ്ങളും അടുക്കളയിൽ നിന്ന് അപ്രത്യക്ഷമായി. മുട്ട റോസ്റ്റ്, മുട്ടക്കറി, കക്ക ഫ്രൈ എന്നിവയ്ക്ക് തൽക്കാലം വിട. ഉള്ളിയില്ലാത്ത തോരനും മെഴുക്കുപുരട്ടിയും ശീലമായി. മീനും ചിക്കനും ഫ്രൈ ആയതോടെ എണ്ണ ഉപയോഗം ഇരട്ടിയായി.
# ഓർഡുകൾ എടുക്കാതെ ബേക്കറിക്കാർ
ഉള്ളി വില വർദ്ധന ബേക്കറികൾക്കും ഇരുട്ടടിയാണ്. "നേരത്തെ ദിവസം ഒരു ചാക്ക് സവാള എടുത്തിരുന്നത് ഇപ്പോൾ മൂന്നു ദിവസത്തേക്ക് ഉപയോഗിക്കുന്നുണ്ട്. ധാരാളം ഓർഡറുള്ള കട്ലറ്റ്, സമോസ ,ഉള്ളിവട എന്നിവയുടെ കച്ചവടം വേണ്ടെന്നുവച്ചു. ഷവർമ്മയിലും സവാള കഴിയുന്നത്ര കുറച്ചു." എളമക്കര കീർത്തിനഗർ സഫ ബേക്കറി ഉടമ പറഞ്ഞു.
# പഴയ സ്റ്റോക്കെന്ന് ഉപഭോക്താക്കൾ
പല കടകളിലും നിന്ന് ഉള്ളി വർഗം അപ്രത്യക്ഷമായി. ഉള്ളയിടങ്ങളിൽ വാടിക്കരിഞ്ഞ് മുള വന്നവയും. വിലയിൽ നിത്യേന ഏറ്റക്കുറച്ചിലുകൾ വരുന്നതിനാൽ വാങ്ങി സൂക്ഷിക്കാൻ കച്ചവടക്കാർക്ക് ധൈര്യമില്ല.
# കൊഴുപ്പു കൂട്ടാൻ തേങ്ങയും കശുവണ്ടിയും
ഉള്ളിവില കൂടിയത് ഹോട്ടലുകളുടെ നിലനിൽപ്പിനെ പ്രതിസന്ധിയിലാക്കി. ബിരിയാണിയിൽ സവാള പേരിന് മാത്രമായി. സലാഡ് തക്കാളിയും കുക്കുമ്പറും കൊണ്ട് പൊലിപ്പിക്കും. മുട്ട വിഭവങ്ങൾ ഓംലെറ്റിലേക്ക് ഒതുങ്ങി. ഉള്ളിയുടെ കുറവ് മറയ്ക്കുന്നതിനായി മത്സ്യ , ഇറച്ചി വിഭവങ്ങളിൽ തേങ്ങ കൂടുതലായി ചേർക്കുകയാണ്. ചിക്കന് സ്വാദു കൂട്ടാൻ കശുവണ്ടി അരച്ചുചേർക്കും. നാലുമണി പലഹാരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി.
പൊതുവേ കച്ചവടം തീരെ മോശമാണ്. ഉള്ളിക്ഷാമം കൂടി വന്നതോടെ മാസം ശരാശരി 20,000 രൂപയുടെ നഷ്ടമുണ്ടെന്ന് കലൂർ അൽസാജ് ഹോട്ടൽ ഉടമ പറഞ്ഞു.
# ഡിമാന്റില്ലാതെ ചിക്കനും ബീഫും
92 രൂപയ്ക്ക് ഒരു കിലോ കോഴിയിറച്ചി വാങ്ങാം. എന്നാൽ കറിക്ക് കൊഴുപ്പും രുചിയും വേണമെങ്കിൽ ഒരു കിലോ സവാള ചേർക്കണം. പൊന്നുവില കൊടുത്ത് ഉള്ളി വാങ്ങാൻ ആർക്കു സാധിക്കും.
മട്ടൺ, ബീഫ് എന്നിവയുടെ വില്പനയും മോശമാണ്. നിത്യേന 18 കിലോ ബീഫ് വാങ്ങിയിരുന്ന ഹോട്ടലുകാർ ആറു കിലോയിലേക്ക് കുറച്ചു. ഞായറാഴ്ചകളിൽ 400 കിലോ കച്ചവടം നടത്തിയ സ്ഥാനത്ത് ഇപ്പോൾ 200 കിലോ പോലും വിറ്റഴിയുന്നില്ല. ഹോട്ടലുകാരും കടം പറയുകയാണെന്ന് വില്പനക്കാർ പറഞ്ഞു.