udayamperoor-murder

കൊച്ചി: ഒരു സിനിമാ തിരക്കഥപോലെയാണ് ഉദയംപേരൂർ വിദ്യ കൊലക്കേസിൽ പ്രേംകുമാറും (40)​ കാമുകി സുനിത ബേബിയും (39)​ സീനുകൾ ചമച്ചത്. എവിടെ എങ്ങനെ എപ്പോൾ കൊന്ന് കളയണമെന്ന് ചർച്ച ചെയ്ത് സീനുകൾക്ക് രൂപം നൽകുകയായിരുന്നു. ഒരുമാസത്തോളം നടന്ന ചർച്ച. അതിനൊടുവിൽ തിരക്കഥ പൂർത്തിയായപ്പോൾ കൊലയ്ക്ക് ക്ളാപ്പടിക്കുകയായിരുന്നു. എല്ലാം സക്സസായി എന്ന് കരുതിയപ്പോഴാണ് ക്ളൈമാക്സ് മാറി മറിഞ്ഞത്. തിരുവനന്തപുരം പേയാടുള്ള വില്ലയിൽ വച്ചായിരുന്നു ഗൂഢാലോചന.

തങ്ങളുടെ ജീവിതത്തിന് കരടായ വിദ്യയെ എന്നന്നേക്കും ഒഴിവാക്കാൻ പല പദ്ധതികൾ തയ്യാറാക്കി. എന്നാൽ, ഇതൊന്നും നടന്നില്ല. തുടർന്ന് വിദ്യയെ കബളിപ്പിച്ച് തിരുവനന്തപുരത്തെ വില്ലയിൽ എത്തിച്ച് മദ്യംനൽകി ബോധരഹിതയാക്കി കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മദ്യം നൽകി കൊല്ലാമെന്നത് പ്രേംകുമാറിന്റെ പദ്ധതിയായിരുന്നു. ഇതിന് സുനിത സമ്മതം മൂളി. സംഭവ ദിവസം ക്ളൈമാക്സിന് സീൻ ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പുമായി സുനിത മുകളിലെ മുറിയിലിരിക്കുകയായിരുന്നു. താഴേ മദ്യ ലഹരിയിൽ പ്രേംകുമാറും വിദ്യയും.

അമിതമായി മദ്യപിച്ച വിദ്യയെ പ്രേംകുമാർ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് നേരത്തെ വാങ്ങി സൂക്ഷിച്ച കയർ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ജീവനെടുത്തു. കൃത്യം നടത്തിയശേഷം പ്രേംകുമാർ മുകളിലെ നിലിൽ ചെന്ന് വിവരം സുനിതയെ അറിച്ചു. ഇവർ താഴെ എത്തി മരണം സ്ഥിരികരിച്ചു. പിന്നീട് മൃതദേഹം കുളിമുറിയിലേക്ക് മാറ്റി. പിറ്റേ ദിവസം പതിവ് പോലെ ഇരുവരും പുറത്തേക്ക് ഇറങ്ങി. വൈകിട്ടോടെയാണ് മൃതദേഹം കാറിൽ കയറ്റി തിരുനൽവേലിയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലാൻ ഉപയോഗിച്ച കയറും മദ്യക്കുപ്പികളുമെല്ലാം പ്രതികൾ ഉപേക്ഷിച്ചതായാണ് മൊഴി നൽകിയിട്ടുള്ളത്.

മൂന്ന് മൊബൈൽ ഫോണുകൾ

മൃതദേഹം ഉപേക്ഷിക്കാനടക്കം പ്രതികളെ സഹായിച്ച സുഹൃത്തിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രേംകുമാറിന്റെയും സുനിതയുടേയും മൊബൈൽ ഫോണിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതകം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലും കൂടുതൽ സമയം ഇവർ ബന്ധപ്പെട്ടിരുന്ന ചില നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒരു സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.

ഇയാളാണ് മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോകാൻ സഹായിച്ചതെന്നാണ് വിവരം. പ്രേംകുമാറിന് സ്മാർട്ട് ഫോൺ ഉൾപ്പടെ മൂന്ന് മൊബൈൽ ഫോണുകളാണുള്ളത്. സുനിതയ്ക്ക് രണ്ടും. ഇത് കൂടാതെ മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദ പരിശോധനയ്ക്കായി ഇവ ഇന്ന് സൈബർ സെല്ലിന് കൈമാറും. ഗൂഢാലോചന നടന്ന കാലയളവിൽ പ്രതികൾ നടത്തിയ ആശയവിനിമയങ്ങളെല്ലാം വീണ്ടെടുക്കും. സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ട്രെയിനിൽ ഉപേക്ഷിച്ച വിദ്യയുടെ ഫോൺ കണ്ടെത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകിയേക്കും. പ്രതികളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. കൊല്ലപ്പെട്ട വിദ്യ നാല് തവണ വിവാഹം കഴിച്ചിട്ടുണ്ട്. പ്രേംകുമാറിന്റെ ആദ്യ വിവാഹമായിരുന്നു ഇത്. സുനിത ബേബി വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമാണ്. ഭർത്താവുമായുള്ള അകൽച്ചയാണ് വഴിവിട്ട ബന്ധത്തിലേക്ക് നയിച്ചത്. ഇവർ വിവാഹ മോചിതയല്ല.

സംഭവം പുനരാവിഷ്കരിക്കും

വിദ്യ കൊലക്കേസിൽ പൊലീസ് അന്വേഷണം ദ്രുതഗതിയിലാക്കുന്നു. അടുത്ത ദിവസം തിരുൽവേലിയിൽ എത്തി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. സംസ്കരിച്ച മൃതദേഹം വിദ്യയുടേതാണോയെന്ന് അറിയാൻ ഡി.എൻ.എ പരിശോധന നടത്തും. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം വിദ്യയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വിദ്യയെ കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണം. നിലവിൽ,​ പ്രതികൾ നൽകിയ മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പ്രതികളുമൊത്ത് സംഭവം പുനരാവിഷ്കരിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.