കൊച്ചി: എറണാകുളം നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ രൂപകല്പന മാസത്തിനകം പൂർത്തിയാകും. ഇന്നലെ പദ്ധതിപ്രദേശം സന്ദർശിച്ച ഫ്രഞ്ച് പ്രതിനിധി വിൻസെന്റ് ലിച്ചേറ റെയിൽവേ, കോർപ്പറേഷൻ പ്രതിനിധികൾക്ക് ഉറപ്പു നൽകി. രണ്ടര കിലോമീറ്റർ ദൈർഘ്യമാണ് നിർദ്ദിഷ്ട റെയിൽവേ ഇടനാഴിക്കുള്ളത്.
പദ്ധതിക്ക് ധനസഹായം നൽകുന്ന ഫ്രഞ്ച് വികസന ഏജൻസിയായ എ.എഫ്.ഡിയുടെ ഉപദേശകരായ സൂയസിന്റെ പ്രതിനിധിയാണ് വിൻസെന്റ് ലിച്ചേറ. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ഹാരിസ്, കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, സൗത്ത് സ്റ്റേഷൻ മാനേജർ കെ.പി. ബാലകൃഷ്ണപണിക്കർ, സെന്റർ ഫോർ ഹെറിറ്റേജ് എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് (സി -ഹെഡ് ) പ്രതിനിധികൾ എന്നിവർ അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നു.
# സ്ഥലം ഏറ്റെടുക്കൽ തലവേദനയാവില്ല
സൗത്തിൽ നിന്ന് നോർത്തിലേക്കുള്ള നിലവിലെ നാലു കിലോമീറ്റർ റോഡ് ദൂരം ഇടനാഴി വരുന്നതോടെ രണ്ടര കിലോമീറ്ററായി ചുരുങ്ങും. പദ്ധതിപ്രദേശത്ത് റെയിൽവേയുടെ 1.2 കിലോമീറ്ററും കൊച്ചിൻ കോർപ്പറേഷന്റെ 1.1 കിലോമീറ്റർ സ്ഥലവും ഉൾപ്പെടുന്നു. പുറമെ 20 മീറ്റർ മാത്രമേ സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങേണ്ടതുള്ളു. ഇതിൽ 80 ശതമാനത്തോളം ഭാഗത്ത് റോഡിന് അഞ്ച് മുതൽ എട്ട് മീറ്റർ വരെ വീതിയുമുണ്ട്. സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി. വരെ ടൈൽ പാകിയ റോഡുമുണ്ട്.
ആധുനികവും ശാസ്തീയവുമായ സുസ്ഥിര നഗരഗതാഗതം ലക്ഷ്യമാക്കി, അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ നേതൃത്വത്തിൽ ആഗോളതലത്തിൽ നടപ്പിലാക്കുന്ന മൊബിലൈസ് യുവർ സിറ്റി പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമ്മിക്കുന്നത്.
#വേഗത്തിലെത്താം
ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് സൗത്തിൽ നിന്ന് നോർത്തിലേയ്ക്ക് വേഗത്തിൽ എത്താൻ സാധിക്കും. എം.ജി. റോഡ്, ചിറ്റൂർ റോഡ് എന്നിവിടങ്ങളിലെ തിരക്കിനും ചെറിയതോതിൽ പരിഹാരം കാണാനാകും. ലിസി ആശുപത്രി, അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന പാതയെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും ഉദ്ദേശമുണ്ട്.