കൊച്ചി : വനിതാ ഡോക്ടർക്കെതിരെ അപകീർത്തികരമായി പ്രചരിപ്പിച്ച വീഡിയോകളും വാർത്തകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ നടപടി ആരംഭിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇവ നീക്കാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന് സർക്കാർ നിർദ്ദേശം നൽകി.
സാമൂഹ്യമാദ്ധ്യമങ്ങളിൽ അപകീർത്തികരവും വ്യാജവുമായ വാർത്തകളും വീഡിയോകളും നീക്കം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം 2003 ൽ രൂപീകരിച്ച സംവിധാനമാണ് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട് ). സംസ്ഥാന ആഭ്യന്തര വകുപ്പ് മുഖേനയാണ് നടപടി .
പോണേക്കര സ്വദേശിനി വിഷ്ണുപ്രിയയുംഭർത്താവ് സജയൻ രാജനും ഓൺലൈൻ വാർത്താ ചാനലുകളുംനടത്തിയ പ്രചാരണമാണ് നീക്കുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റേഡിയോളജി പ്രസിഡന്റ് ഡോ. അമൽ ആന്റണി പറഞ്ഞു. പാലാരിവട്ടത്തെ ഹൈടെക് ലാബിൽ വിഷ്ണുപ്രിയയ്ക്ക് ഡോ. അമ്പിളി ചന്ദ്രൻ നടത്തിയ അൾട്രാ സൗണ്ട് പരിശോധനയിൽ ട്യൂമർ മാർക്കേഴ്സ് എന്ന രക്തപരിശോധന നടത്താൻ ശുപാർശ ചെയ്തിരുന്നു. മറ്റൊരു ലാബിൽ നടത്തിയ രക്ത പരിശോധനയിൽ കാൻസർ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കാൻസർ കണ്ടെത്താത്തതിനാൽ ചികിത്സാച്ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെടുകയും ഡോക്ടർക്ക് അപകീർത്തികരമായ പ്രചാരണം സാമൂഹ്യമാദ്ധ്യമങ്ങളിൽ നടത്തുകയും ചെയ്തു.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയോഗിച്ച റേഡിയോളജിസ്റ്റുകളുടെ സമിതി ഡോ. അമ്പിളി ചന്ദ്രൻ നൽകിയ റിപ്പോർട്ടിൽ പിഴവില്ലെന്ന് കണ്ടെത്തി. അപകീർത്തി തുടർന്നപ്പോൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വീഡിയോകളും പോസ്റ്റുകളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് മുഖേന പോസ്റ്റുകൾ നീക്കാൻ നടപടി ആരംഭിച്ചതായി അഡ്വ. ടി.യു. സിയാദ് പറഞ്ഞു.
മറ്റൊരു പരിശോധന കൂടി നടത്താനും ഡോക്ടറെ കാണാനും നിർദ്ദേശിച്ചതിന് തന്നെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുകയായിരുന്നുവെന്ന് ഡോ. അമ്പിളി ചന്ദ്രൻ പറഞ്ഞു.