vhss

മൂവാറ്റുപുഴ: ലോക ഭിന്നശേഷി വാരാഘോഷങ്ങളുടെ ഭാഗമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആദരിച്ചു. എനിക്ക് ഒരു കഴിവും തന്നിട്ടില്ലല്ലോ ദൈവമേ എന്ന് ഉറക്കെ വിലപിക്കുന്നവർ ഭിന്നശേഷിക്കാരായ ചിലർ മുന്നിൽ വന്ന് നിൽക്കുമ്പോൾ ഇവരെങ്ങനെ ജീവിതത്തെ തങ്കളുടെ കൈപ്പിടിയിൽ ഒതുക്കുന്നു എന്നത് അതിശയമായി തോന്നാം. സംസാരിക്കുവാനും കേൾക്കുവാനും ആവില്ലെങ്കിലും ഹൃദയം കൊണ്ട് ശ്രദ്ധാപൂർവം ശ്രവിക്കുവാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഭിന്നശേഷിക്കാരായവർ. ജീവിതം ഒരു ചക്ര കസേരയിൽ ആയിപ്പോയതിൽ വിലപിക്കാതെ കലാരംഗത്തും പഠന രംഗത്തും ഉന്നത വിജയങ്ങൾ നേടിയ ഭിന്നശേഷി വിദ്യാർത്ഥികളായ ഗോഡ്ലിയും, സെബിയും മറ്റുള്ളവർക്ക് മാതൃകയാണ്. ഇവർക്കും ഇവരുടെ രക്ഷിതാക്കൾക്കും സ്നേഹോപഹാരം നൽകുകയും അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.ടി അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.സജികുമാർ, മദർ പി.ടി.എ പ്രസിഡന്റ് സിനിജസനൽ, സീനിയർ അസിസ്റ്റന്റ് ശോഭന എം.എം, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, രതീഷ് വിജയൻ, ഷീബ എം.ഐ, പ്രീന എൻ ജോസഫ്, സിലി ഐസക്, ഗ്രേസി കെ.എസ്, ഗിരിജ എം.പി, ആശ വിജയൻ, ഷീന, കൃഷ്ണജ രക്ഷിതാക്കളായ ഗോപാലകൃഷ്ണൻ, വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

മികച്ച ഭിന്നശേഷി സൗഹ്യദ വിദ്യാലയത്തിനും മികച്ച എൻ.എസ്.എസ് യുണിറ്റിനും സാമൂഹ്യ നീതി വകുപ്പിൽ നിന്നും ലഭിച്ച സഹചാരി അവാർഡ് ഡിസംബർ 12 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഈസ്റ്റ് മാറാടി സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങും .