അങ്കമാലി : കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിൽ വെജിറ്റബിൾആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന ആനപ്പാറ സ്വാശ്രയ കാർഷിക വിപണിയിൽ നിർമ്മിച്ച കാർഷിക വ്യവസായ യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി.എം.ജോൺ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.എം. വർഗ്ഗീസ് പ്രോജക്ട് അവതരിപ്പിച്ചു.
പഴം, പച്ചക്കറി, ഉൽപ്പാദന, വിപണനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആനപ്പാറ വിപണിയിൽ തുറവൂർ, മഞ്ഞപ്ര, മൂക്കന്നൂർ, അയ്യമ്പുഴ പഞ്ചായത്തുകളിലെ അറുനൂറോളം കർഷകർ അംഗങ്ങളാണ്. ആഴ്ചതോറും ഞായറാഴ്ചകളിൽ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരാണ് ഉത്പ്പന്നങ്ങൾ ലേലം വിളിക്കുന്നത്. കൃത്രിമ വിലയിടിവ് തടയുന്നതിനുള്ള ഉപാധിയായാണ് കാർഷികവിളകളിൽ നിന്ന് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കുന്നതെന്ന് ഡിവിഷൻ മെമ്പർ ടി.എം. വർഗ്ഗീസ് പറഞ്ഞു.
നാട്ടിൽ ധാരാളമായുണ്ടാകുന്ന ചക്ക, ഏത്തക്കായ എന്നിവയിൽ നിന്ന് ചിപ്‌സ് നിർമ്മിക്കുക, പഴങ്ങളും പച്ചക്കറികളും ഉണക്കി പൗഡർ ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. വിപണിയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരിശീലനം നൽകി അവരിൽ നിന്ന് തി​രഞ്ഞെടുക്കപ്പെടുന്ന സംരഭംകഗ്രൂപ്പാണ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കച്ചവടക്കാർ ഒത്ത് കളിച്ച് വില ഇടിക്കുന്നു.

സംഘം ചേർന്ന് ലേലം ബഹിഷ്‌കരിക്കുന്നു

കൃത്രിമ വിലയിടിവ് തടയുന്നതിന് നടപടി​