ta
ഓവർഹെഡ് ടാങ്കിന്റെ ഉദ്‌ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിക്കുന്നു

കൊച്ചി: ഇടക്കൊച്ചിയിലെ 13, 14, 15, 16 ഡിവിഷനുകളിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിന് സഹായമായ 13 ലക്ഷം ലിറ്റർ കപ്പാസിറ്റിയുളള ഓവർഹെഡ് ടാങ്കിന്റെ നിർമ്മാണോദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ഒരു വർഷം കൊണ്ട് ടാങ്കിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മേയർ പറഞ്ഞു.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മിക്കുന്നത്. 4.3 കോടി രൂപയാണ് നിർമ്മാണ ചെലവ്. നിലവിൽ ആലുവ ശുദ്ധീകരണശാലയിൽ നിന്നും പളളുരുത്തി ഭൂതല സംഭരണിയിൽ എത്തിച്ച് അഞ്ച് ദശലക്ഷം ലിറ്റർ വെളളം വിതരണം ചെയ്തുവരുന്നു. ഓവർഹെഡ് ടാങ്ക് വഴി 7.5 ദശലക്ഷം ലിറ്റർ ജലം വിതരണം ചെയ്യുവാനാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതി മൂലം 50635 പേർക്ക് പ്രതിദിനം 150 ലിറ്റർ ശുദ്ധജലം നൽകാനാകും.

ഈ പദ്ധതിയുടെ ഭാഗമായി മരടിൽ നിന്നും ഇടക്കൊച്ചിയിലേയ്ക്ക് എത്തിക്കുന്നതിനായി മരടിൽ നിന്നും 700 എം.എം. പമ്പിംഗ് മെയിനിൽ നിന്നും അരൂർ ഇടക്കൊച്ചി പാലം വരെ 500 എം.എം. ഡി.ഐ. പൈപ്പ് 1267.9 മീ. പൂർത്തീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ, ഹെൽത്ത് കമ്മിറ്റി അദ്ധ്യക്ഷ പ്രതിഭാ അൻസാരി, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ, അമൃത് മിഷൻ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.