കൊച്ചി: രണ്ടു തവണ പൊലീസ് മൊഴിയെടുത്തതോടെ ഭയചകിതനായ പ്രേംകുമാർ കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചതാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാൻ കാരണമായത്. പൊലീസുകാർ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പലവട്ടം ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പരാതി പറയുകയും ചെയ്‌തു.
കൃത്യമായ ചുവടുകളോടെ തിടുക്കം കാട്ടാതെയായിരുന്നു പൊലീസ് നീക്കങ്ങൾ. പ്രേംകുമാറിനൊപ്പം ജീവിച്ചപ്പോഴും അതിന് മുമ്പും നിരവധി തവണ വിദ്യ മുങ്ങിയിട്ടുണ്ട്. അതിന് പൊലീസ് കേസും രജിസ്‌റ്റർ ചെയ്‌തിരുന്നു. തന്നിലേക്ക് അന്വേഷണം വരാതിരിക്കാനാണ് വിദ്യയെ കാണാനില്ലെന്ന പരാതിയിൽ പ്രേംകുമാർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. അന്നൊക്കെ ദിവസങ്ങൾക്ക് ശേഷം വിദ്യ മടങ്ങിയെത്തും. ബന്ധുവീടുകളിലേക്കായിരുന്നു മുങ്ങൽ.
പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് നീങ്ങുമ്പോൾ ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പൊലീസ് പീഡിപ്പിക്കുന്നുവെന്ന പരാതി നൽകും. ഇത്തവണയും ഇത് ആവർത്തിച്ചതോടെ പൊലീസ് ഇയാളെ മാത്രം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചു. ഇക്കഴിഞ്ഞ ആറിന് മദ്യപിച്ച് ലക്കുകെട്ട് പ്രേംകുമാർ ഉദയംപേരൂർ സി.ഐക്ക് കുറ്റസമ്മതം പോലെ ഒരു ശബ്‌ദസന്ദേശം അയച്ചതോടെ കാര്യങ്ങൾ എളുപ്പമായി.
പ്രേംകുമാറിന്റെ മൊബൈൽ ടവർ ലൊക്കേഷൻ സ്ഥിരമായി തിരുവനന്തപുരമായിരുന്നു. പൊലീസ് തമ്പാനൂരിൽ എത്തുമ്പോൾ ഇയാൾ കളിയിക്കാവിളയിലായിരിക്കും. പിന്നീടാണ് ഇയാൾ പകൽ മുഴുവൻ യൂബർ ടാക്സിയിൽ കറക്കമാണെന്ന് മനസിലായത്. ഒടുവിൽ മകനെ പാർപ്പിച്ചിരുന്ന ഓർഫനേജിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ സുനിതയുമായുള്ള ബന്ധവും കൊലപാതകവും വെളിപ്പെടുത്തി. വെള്ളറടയിലെ വീട്ടിൽ നിന്നാണ് സുനിതയെ അറസ്‌റ്റ് ചെയ്‌തത്.
അന്വേഷണം വഴിതെറ്റിക്കാനാണ് കൊലപാതകത്തിന് ശേഷം വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്‌സ്‌പ്രസിലെ ചവറ്റുകുട്ടയിൽ പ്രേംകുമാർ ഉപേക്ഷിച്ചത്. പരാതി നൽകിയപ്പോൾ ഇവരുടെ മൊബൈൽ നമ്പറും നൽകി. ഈ സമയം വിദ്യയുടെ ടവർ ലൊക്കേഷൻ മംഗലാപുരമായിരുന്നു. ഫോൺ സ്വിച്ച് ഒഫായതോടെ പൊലീസ് ആ വഴിയുള്ള അന്വേഷണം അവസാനിപ്പിച്ചിരുന്നു.